വെക്കേഷൻ കഴിഞ്ഞപ്പോൾ ഞാൻ വാപ്പയെ സമീപിച്ചു… അന്ന് വൈകുന്നേരം വീട്ടിൽ വലിയ ചർച്ച. മമ്മീം അലീനച്ചേച്ചീം (അവരുടെ മക്കളിൽ ഒരുവൾ. ചെന്നൈയിൽ സിറ്റിബാങ്കിൽ. എല്ലാരേം കാണാൻ വന്നതാണ്) ഒരു സൈഡ്. വാപ്പേം ഞാനും മറ്റേ സൈഡ്. വിഷയം വേറൊന്നുമല്ല. ക്ലാസു തുടങ്ങിയാൽ വീക്കെൻഡുകളിൽ പണിക്കു പോകാമോ?
ഓക്കെ എന്നു വാപ്പ. വേണ്ടെന്ന് മമ്മീം ചേച്ചീം. പഠിത്തത്തിലെ ശ്രദ്ധ പോകുമെന്ന് മമ്മി. പഠിക്കാൻ സമയം കിട്ടില്ലെന്ന് ചേച്ചി.. എനിക്ക് മമ്മി വിഷമിക്കുന്നതു കാണാൻ കഴിയില്ല. ഞാൻ വേണ്ടെന്നു പറഞ്ഞു… രണ്ടു സുന്ദരികളുടെ ഉമ്മ കിട്ടി! വാപ്പ മന്ദഹസിച്ചു.
ഞാനിത്തിരി ഡൗണായി. സത്യം പറഞ്ഞാൽ കൈവിരലുകൾ തരിക്കുന്നുണ്ടായിരുന്നു… എന്തോ പണിയിൽ ഹരം കണ്ടെത്തിത്തുടങ്ങിയിരുന്നു. എന്നാലും എൻ്റെ മമ്മീടെ ഒരാഗ്രഹത്തിനും എതിരു നിൽക്കാൻ വാപ്പയ്ക്കും, എനിക്കും… അല്ലേല് വീട്ടിൽ വളർന്ന ഒരാണിനും കഴിയില്ലായിരുന്നു! അതിനു കാരണം മമ്മീടെ സ്നേഹം മാത്രമായിരുന്നു…
പതിനൊന്നിൽ ചേർന്നപ്പോൾ സയൻസെടുത്തു. വാപ്പയോടൊത്ത് നടക്കാൻ പോയപ്പോൾ ഞങ്ങൾ ദീർഘമായി സംസാരിച്ചിരുന്നു. ഉണ്ണീ.. വാപ്പയെൻ്റെ തോളിലൂടെ കയ്യിട്ടു. നല്ല ഉയരമുള്ള എന്നേക്കാളും പൊക്കം അന്ന് ആറടിപ്പൊക്കമുള്ള വാപ്പയ്ക്കുണ്ടായിരുന്നു.. നീ ശരിക്കും എൻജോയ് ചെയ്യുന്നത് മെക്കാനിക്കലും എലക്ട്രിക്കലും പണി ചെയ്യുമ്പഴാണ്. നിൻ്റെ ഭാവി എൻജിനീയറിങ്ങിലാണ്. പ്രോജക്റ്റ് എക്സിക്യൂഷൻ. ആദ്യം സൈറ്റില് കാര്യങ്ങൾ നോക്കിപ്പഠിക്കണം. മൂന്നാലു കൊല്ലം കഴിഞ്ഞ് സൈറ്റും ഡിസൈനും ഒരുമിച്ച്… പിന്നെ ഡിസൈൻ മാത്രം… പിന്നെ സ്വന്തം ബിസിനസ്. ഇതൊക്കെ വേഗത്തിലാവാട്ടോടാ! അന്തരീക്ഷം മാറി മറഞ്ഞോണ്ടിരിക്കുവാ!