അവരോടൊത്തു ജീവിച്ച നാളുകൾ… ജീവിതത്തിലെ സ്വർണ്ണം പതിച്ച ഏടുകൾ… ആദ്യമൊക്കെ സ്ക്കൂളിൽ ഞാനിത്തിരി കഷ്ട്ടപ്പെട്ടു. പഠിത്തത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. ഞാനാകെ മൂകനായിരുന്നു. പതിയെ ഞാൻ അതിൽ നിന്നുമൊക്കെ കരകയറി. വാപ്പേടേം മമ്മീടേം സ്നേഹം കൊണ്ട്.. അവരുടെ കരുതൽ കൊണ്ട്…
മൂന്നു വർഷം ഞാനാ വീട്ടിൽത്തന്നെ ജീവിച്ചു. പിന്നെ കോളേജിൽ ചേർന്നെങ്കിലും അതായിരുന്നു എൻ്റെ വീട്. വാപ്പേം മമ്മീമായിരുന്നു എൻ്റെയെല്ലാം… ഇപ്പോഴും… അറുതുകളിലെത്തിയിട്ടും ഒട്ടും ചെറുപ്പവും സൗന്ദര്യവും മങ്ങാത്ത അവരെൻ്റെ ജീവനായിരുന്നു… അല്ല ആണ്.
ആ വീടിനെപ്പറ്റി ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ…. അതൊരു വീടല്ലായിരുന്നു. ഒരു കുടുംബമായിരുന്നു. അതും ലോകത്തിൻ്റെ പലയിടങ്ങളിലായി പടർന്നു കിടന്ന കുടുംബം. സ്ഥിരമായി കുടുംബാംഗങ്ങൾ വന്നു പോയിരുന്നു… ഭംഗിയുള്ള സ്റ്റാമ്പുകൾ പതിച്ച തടിച്ച ലക്കോട്ടുകൾ പോസ്റ്റിൽ വരുമായിരുന്നു. വാപ്പയോ, മമ്മിയോ… അല്ലെങ്കിൽ അന്നു വീട്ടിലുള്ള ആരെങ്കിലുമോ ഒക്കെയായിരിക്കും പാചകം. പിന്നെ മൂന്നാലു പട്ടികൾ… എല്ലാം തെരുവു നായ്ക്കുട്ടികളോ ഉപേക്ഷിക്കപ്പെട്ടവയോ ആയിരുന്നു. ജൂവനൈൽ ബോർഡിൻ്റെ ഓർഡർ പ്രകാരം തന്തിയാൻ മനസ്സില്ലാ മനസ്സോടെ ഒരു തുക വാപ്പയ്ക്കയച്ചിരുന്നു. എനിക്ക് പതിനെട്ടാവണതു വരെ. അതിലൊരു ചില്ലിക്കാശുമെടുക്കാതെയാണ് അവരെന്നെ വളർത്തിയത്. അതെൻ്റെ ഭാവിയിലെ കോളേജു ഫീസിനുതകുകയും ചെയ്തു.
അടുത്ത വഴിത്തിരിവ്. ടെൻത് എക്സാമും കഴിഞ്ഞ് വെക്കേഷൻ ടൈം. വീട്ടിലെ പ്ലംബിങ്ങും വയറിങ്ങും പുതുക്കുന്നു. ഒരു രസത്തിനു വേണ്ടി ഞാനവരെ സഹായിക്കാൻ ചേർന്നു. അപ്പഴാണ് മെക്കാനിക്കൽ പണി ഞാൻ ശരിക്കും എൻജോയ് ചെയ്യുമെന്നു മനസ്സിലാക്കിയത്. കാലത്തേ മേശിരീടെ ഗാങ്ങിൽ കേറിയാൽ വൈകും വരെ സമയം പോയതറിഞ്ഞില്ല. ഒപ്പം എലക്ട്രിക്കൽ പണിയും. രണ്ടാഴ്ച്ച കഴിഞ്ഞ് അവർ പോയപ്പോൾ ഞാനുമൊപ്പം കൂടി. മൂന്നിടങ്ങളിൽ വർക്കു ചെയ്തു. കാശും കിട്ടി. വാപ്പ ഹാപ്പിയായിരുന്നു.