വീട്ടുപണികൾ ചെയ്യുന്ന അവരുടെ പേര് ഉഷയെന്നാണ്, അവരെ വിളിച്ചു മഹേഷിന് ഭക്ഷണം എടുക്കാൻ പറഞ്ഞു. ഉപ്പുമാവും പഴവും അടുക്കളയിൽ ഇട്ട മേശപ്പുറത്തു വെച്ച് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഇന്ദിരാമ്മ അടുത്ത് വന്നു.”ഞങ്ങക്ക് ഒറ്റ മോളാ, അവൾ കോളേജിൽ പഠിക്കുന്നു, ഇന്ന് മുതൽ അവൾക്ക് ഒരാഴ്ച അവധിയുണ്ട്,
രാവിലത്തെ ട്രെയിനിന് അവൾ വരുന്നുണ്ട്, നമുക്ക് സ്റ്റേഷൻ വരെ പോകണം”മഹേഷ് തലയാട്ടി. ഭക്ഷണം കഴിഞ്ഞു മഹേഷ് സിറ്റ്ഔട്ടിൽ പത്രം വായിച്ചു കൊണ്ടിരുന്നു. ഒൻപതര ആയപ്പോൾ പണിക്കരും ഭാര്യയും ഒരുങ്ങി വന്നു.
പണിക്കർ കാറിന്റെ താക്കോൽ എടുത്ത് മഹേഷിന്റെ കയ്യിലേക്ക് കൊടുത്തു. “ഐശ്വര്യമായിട്ട് വണ്ടി എടുത്താട്ടെ” മഹേഷ് താക്കോൽ വാങ്ങി പോർച്ചിൽ ചെന്നു കാറിൽ കയറി.
*******
പോകുന്ന വഴി പണിക്കർ സംസാരം തുടർന്നു, ” ഇതിപ്പോ പഴയ വണ്ടിയാ, മഹേഷിന് ഓടിക്കാൻ പുതിയ വണ്ടി പോലൊരു സുഖം കാണില്ല, പക്ഷെ ഇതിലെ യാത്രാസുഖം അത് ഒരു പുതിയ വണ്ടിയിലും കിട്ടില്ല” മഹേഷ് അഭിപ്രായം ഒന്നും പറഞ്ഞില്ല. വണ്ടി ഓടി കവലയിൽ എത്തിയിരുന്നു, ആദ്യമായിട്ടാണ് ഈ സ്ഥലം കാണുന്നത്, കുറച്ചു കടകൾ ചെറിയൊരു ഹോട്ടൽ, റേഷൻ കട,
ബാർബർ ഷോപ്പ് അങ്ങനെ ചെറിയൊരു കവല. സ്റ്റേഷനിലേക്ക് പിന്നെയും കുറച്ചു ദൂരമുണ്ടായിരുന്നു. അവിടെ വഴിയിൽ ഒരു ചെറിയ ആൾകൂട്ടം കണ്ടു. വഴിയിൽ ഒരു വടംവലി മത്സരം നടക്കാൻ പോകുന്നതിന്റെ അന്നൗൺസ്‌മെന്റ്, കുറച്ചു പയ്യന്മാർ നിന്ന് നാസിക്ക് ഡോൽ കൊട്ടുന്നു. ആളുകൾക്കിടയിലൂടെ കാർ കടന്നു പോയി.