“സാരല്യ ടീച്ചറേ… എല്ലാം ശരിയാകും. ”
ടീച്ചർ മെല്ലെ ചിരിച്ചു… എന്നിട്ടു പറഞ്ഞു: “വാ… കുറച്ചുകൂടി നടന്നാലോ?”
നേരം ഉച്ചയോടടുക്കുന്നു. ഒരുപാടു നടന്നു. രണ്ടുപേർക്കും വല്ലതും കഴിച്ചാലോ എന്നുണ്ട്.
“വല്ലതും കഴിച്ചാലോ?”
“ഞാനിതു ചോദിക്കാനിരിക്കുകയായിരുന്നു. നമുക്ക് പുറത്തുപോകാം. ഫ്‌ളവേർസ് സ്ട്രീറ്റിൽ ഒരുപാടു ഫാസ്റ്റ്ഫുഡ് പ്ലേയ്‌സുകളുണ്ട്. അതോ ലഞ്ച് ആയാലോ?”
“ഇല്ലെടാ, ലൈറ്റ് ആയി എന്തെങ്കിലും കഴിക്കാം. ലഞ്ചിന് അവിടെയെത്തണം. അവളുടെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോകുന്നുണ്ട്. തിരിക്കാൻ രാത്രിയാകും. അതാ നിന്നെ കാണാൻ രാവിലെ തന്നെ വന്നത്.”
“അതുശരി.” എനിക്കു തോന്നിയ നിരാശ പുറത്തുകാണിക്കാതെ ഞാൻ പറഞ്ഞു.
“അപ്പോളിനി പോകുന്നതിനു മുമ്പ് കാണില്ലേ? ടീച്ചർ ഒരു ദിവസം വീട്ടിൽ വരൂ. എത്രനാളുണ്ടാകും ഇവിടെ?” ചോദിക്കാൻ അവസരം നോക്കിനിന്ന എല്ലാ ചോദ്യങ്ങളുംകൂടി ഞാൻ ഒരുമിച്ചെറിഞ്ഞു.
“കുറച്ചു ദിവസങ്ങൾ കൂടി. തീരുമാനമായിട്ടില്ല.”
അപ്പോഴേക്കും ഞങ്ങൾ റെസ്റ്റോറന്റിലെത്തി. മെനു ബോർഡിലൂടെ കണ്ണോടിച്ചു “എനിക്ക് ഒരു ചിക്കൻ സാൻഡ്‌വിച് മതി” എന്ന് ടീച്ചർ പറഞ്ഞു. വെയിറ്ററെ വിളിച്ചു രണ്ടുപേരും കഴിക്കാനും ജ്യൂസും ഓർഡർ ചെയ്തു. ഞാൻ വീണ്ടും ചോദിച്ചു: “അപ്പോ എത്രനാളുണ്ടാകും, തീരുമാനമായില്ലല്ലേ.”
“എന്തായാലും വീട്ടിൽ വരാതെ തിരിച്ചുപോകരുത്.” ഞാൻ വീണ്ടും പറഞ്ഞു.
“ഇന്നെന്തായാലും എനിക്ക് ലഞ്ചിന് അവിടെയെത്തണം. ലക്ഷ്‌മിയുടെ ഒരു ഫ്രണ്ടിന്റെ വീട്ടിലാണ് ലഞ്ച്. മിക്കവാറും തിരിക്കാൻ രാത്രിയാകും. അവിടെ താങ്ങാനും ചാൻസുണ്ട്. ഒന്നും പ്ലാൻഡ് അല്ല.” ഞാൻ ഒന്നും മിണ്ടാതെ ടീച്ചർ പറയുന്നത് കേട്ടിരുന്നു.