ഷംലയുടെ കണ്ണുകൾ നിറയുന്നത് കണ്ട അഫ്സലിനും വല്ലാതായി…
“ഉമ്മ ഇങ്ങനെ കരയല്ലേ… ഉമ്മാക്ക് എപ്പോ വേണമെങ്കിലും അങ്ങോട്ട് വരാലോ…”
“പക്ഷെ… ഒന്ന് എണീറ്റു മുള്ളാൻ പോലും ത്രാണിയില്ലാതെ കിടക്കുന്ന അയാളെ ഇട്ട് ആ വീടിനു വെളിയിലേക്ക് ഇറങ്ങാൻ പോലും എന്നെകൊണ്ട് പറ്റുന്നില്ല മോനെ… അന്നങ്ങു തീർന്നുപോയാൽ മതിയായിരുന്നു…”
“ഉമ്മാക്ക് അവളെ കാണണം എന്ന് തോന്നുമ്പോ പറഞ്ഞാൽ മതി… ഞാൻ കൊണ്ട് വരാം അവളെ… പോരെ?”
“മ്മ്മ്… അങ്ങേരോട് കാണിക്കുന്ന ദേഷ്യം എന്നോടും കാണിക്കല്ലേ എന്ന് മോൻ പാത്തൂനോട് പറയണം… നീയും അവളും മാത്രേ ഉള്ളൂ എനിക്ക്…”
“ആരാ പറഞ്ഞെ അവൾക്ക് ഉമ്മയോട് ദേഷ്യം ആണെന്ന്… അതൊക്കെ ഉമ്മാടെ തോന്നലാ… അവളെപ്പോഴും പറയും… ഉമ്മയെ ഒപ്പം നിർത്താൻ അവൾക്ക് ഒരുപാട് ആഗ്രഹം ഉണ്ടെങ്കിലും അയാൾ കാരണം അതിനും പറ്റുന്നില്ലെന്ന്…”
ആംബുലൻസിൽ നിന്നും ഷഫീദയെ റൂമിലേക്ക് മാറ്റുമ്പോഴും അവൾക് വേണ്ടതൊക്കെ ചെയ്തു കൊടുക്കാൻ ഓടി നടക്കുന്ന സിനിയെ ഷംല ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തന്റെ മകളോട് അവൾ കാണിക്കുന്ന സ്നേഹം അവളുടെയുള്ളിൽ സന്തോഷം നൽകുന്നുണ്ടെങ്കിലും ഇടക്ക് അഫ്സലിനോട് അവൾ കാണിക്കുന്ന സ്വാതന്ത്ര്യം അവളെ തെല്ലൊന്ന് ചൊടിപ്പിച്ചു. ഷഫീദയോട് അവളെ പറ്റി ചോദിക്കണം എന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു ഷംല…
“ഡാ… എന്നെയൊന്നു വീട്ടിൽ വിടുവോ നീ?”
ഷഫീദക്ക് വേണ്ടുന്ന കാര്യങ്ങൾ ഒക്കെയും നോക്കിയും കണ്ടും ചെയ്തു കൊടുത്ത് സിനി അഫ്സലിനോട് പറഞ്ഞു