ഷംനയെ ഇവന് വേണ്ടി താനൊന്ന് ചിന്തിച്ച് നോക്കിയതാണ്. പക്ഷേ, അവൾക്കിപ്പോ കല്യാണം വേണ്ടെന്ന്. പഠിച്ച് ഒരു ടീച്ചറാവാനാണ് അവൾക്കാഗ്രഹം. അതിനായി അവൾ ശരിക്കും പഠിക്കുന്നുമുണ്ട്. താൻ പിന്നെ പഠിക്കാൻ മണ്ടിയായിരുന്നു. കല്യാണം കഴിയുന്നത് വരെ നേരം പോക്കിന് വേണ്ടി എന്തൊക്കെയോ പഠിക്കാൻ പോയി.
അബ്ദുവിന് ഫർണിച്ചർ പണിയാണ്.അലമാരയും, കട്ടിലുമൊക്കെയുണ്ടാക്കുന്ന കാർപെന്റർ പണി.
ഏറ്റവും രസം അവൻ പണിയെടുക്കുന്ന ഫർണിച്ചർ തങ്ങളുടെ ഗ്രൂപ്പിൽ തന്നെയുള്ള സുരേന്ദന്റേതാണ്.. ഒരുമിച്ച് പഠിച്ച സുരേന്ദ്രനിപ്പോ ഫർണിച്ചറും
തടിമില്ലുമൊക്കെയുള്ള മുതലാളിയാണ്. അബ്ദു അവന്റെ പണിക്കാരനും…
എങ്കിലും, അവർ തമ്മിൽ മുതലാളി, തൊഴിലാളി ബന്ധമല്ല. രണ്ടും നല്ല സുഹൃത്തുക്കൾ തന്നെയാണ്. കഴിഞ്ഞ വർഷമായിരുന്നു സുരേന്ദ്രന്റെ വിവാഹം. അവന്റെ ഭാര്യയിപ്പോ ഗർഭിണിയാണ്.
“നിന്റെ മുതലാളി അറിഞ്ഞില്ലേടാ നിനക്ക് പരിക്ക് പറ്റിയത്… ?”
സലീന ചോദിച്ചു.
“അവനിവിടെ ഇല്ലെടീ… അവൻ കർണാടകയിലാ… മരം നോക്കാൻ പോയതാ… മറ്റന്നാളേ വരൂ… വിളിച്ചിരുന്നു… കുറച്ച്പൈസയും ഇട്ട് തന്നിട്ടുണ്ട്….”
“വരാന്ന് പറഞ്ഞ കൂട്ടുകാനേതാടാ..?”
“ കൂടെ പണിയെടുക്കുന്നതാ… എപ്പഴാണാണോ ആ നാറിയിനി കെട്ടിയെടുക്കുന്നേ… ?”
“അവൻ വന്നോളുമെടാ… നമ്മുടെ ഗ്രൂപ്പിലെ ആരേലും വന്നിരുന്നോടാ…?”
“ഉം… നീ വന്നില്ലേ… ?
നീയും നമ്മുടെ ഗ്രൂപ്പിലെ അംഗമല്ലേ…?”
“എന്നാ നമുക്കൊരു സെൽഫിയെടുത്ത് വിടാം…”
സലീന ഫോണെടുത്ത് അവന്റടുത്തിരുന്ന് ഒരു സെൽഫിയെടുത്തു. പ്ലാസ്റ്ററിട്ട കാല് വ്യക്തമായി കാണുന്ന രീതിയിലാണവൾ സെൽഫിയെടുത്തത്.