രാജേട്ടൻ പറഞ്ഞതാണ് ശരിയെന്ന് സലീനക്കും തോന്നി.
രണ്ടാം നിലയിലെ അറ്റത്തെ മുറിയിലേക്ക് അറ്റന്റർ ഷംനയെ വീൽ ചെയറിലിരുത്തി കൊണ്ട് പോയി.
നിരനിരയായ മുറിയിലൊക്കെ ആളുണ്ടെന്ന് തോന്നുന്നു.
മുറിയിലെത്തിയതും സലീന ഉമ്മാക്ക് വിളിച്ച് വിവരം പറഞ്ഞു.
രാജേട്ടനെ അയക്കാമെന്നും, കുറച്ച് ഡ്രസും, ഷംനക്ക് കുടിക്കാൻ കുറച്ച് കഞ്ഞിയും കൊണ്ട് വരണമെന്ന് പറഞ്ഞു.
രാജേട്ടൻ അപ്പോ തന്നെ പോയി.
ഷംനയെ ഡ്രിപ്പിട്ട് കിടത്തിയിരിക്കുകയാണ്. അവൾ നല്ല മയക്കത്തിലാണ്. സലീന അവളുടെ നെറ്റിയിൽകൈവെച്ച് നോക്കി. പനി കുറഞ്ഞിട്ടില്ല. ഇപ്പഴും പൊള്ളുന്ന പനിയാണ്.
രണ്ടാളും തമ്മിൽ ഒൻപത് വയസിന്റെ വ്യത്യാസമുണ്ട്. ഉമ്മയെക്കാളേറെ ഷംനയെ നോക്കിയത് സലീനയാണ്. ഒരു മകളോടുള്ള വാൽസല്യമാണ് അവൾക്ക് അനിയത്തിയോട്.
സലീന വാതിലടച്ച് കുറ്റിയിട്ട് ബൈസ്റ്റാന്റർക്കുള്ള ബെഡിൽ വന്നിരുന്നു.
മൊബൈലെടുത്ത് വാട്സാപ്പ് തുറന്ന് ആദ്യം നോക്കിയത് സ്കൂൾ ഗ്രൂപ്പിലേക്കാണ്. പത്താം കാസ്സിന്റെ ഗ്രൂപ്പാണ്. പതിമൂന്ന് കൊല്ലമായി പഠിച്ചിറങ്ങിയിട്ട്.. ഒരു കൊല്ലം മുൻപാണ് ഈ ഗ്രൂപ്പുണ്ടാക്കിയത്.
ഇപ്പോൾ അവൾക്കുള്ള ഏക ആശ്വാസം ഈ ഗ്രൂപ്പാണ്. നാല് ക്ലാസിലേയും കൂടി ഒറ്റ ബാച്ചിന്റെ ഗ്രൂപ്പാണ്. നൂറോളം ആളുകളുണ്ട്.
തന്റെ പ്രശ്നങ്ങളൊക്കെ എല്ലാർക്കുമറിയാം. എല്ലാരും തന്നെ ആശ്വസിപ്പിക്കാറുണ്ട്.
ഗ്രൂപ്പ് തുറന്നപ്പോ തന്നെ, ഗ്രൂപ്പഡ്മിൻ അബ്ദു ഒരു കാലിൽ പ്ലാസ്റ്ററിട്ട് ഒരു ഹോസ്പിറ്റൽ ബെഡിൽ കിടക്കുന്ന ഫോട്ടോ..