അച്ചാറ് പോലും കൂട്ടാതെയാണ് ആദ്യത്തെ പാത്രം കഞ്ഞിയവൻ കുടിച്ചത്. അവൾ വീണ്ടും ഒഴിച്ച് കൊടുത്തു. അത് അച്ചാറൊക്കെ തൊട്ട് നക്കി സാവധാനത്തിലാണ് കുടിച്ചത്.
“ഇത് കടയിൽ നിന്ന് വാങ്ങിയതാടീ… ?
നല്ല ടേസ്റ്റ്…”
അച്ചാറ് നക്കിക്കൊണ്ട് അവൻ ചോദിച്ചു.
“അല്ലെടാ… ഇതുമ്മ വീട്ടിലുണ്ടാക്കിയതാ…”
ഓരോന്ന് സംസാരിച്ച് അവൻ കഞ്ഞി കുടിച്ച് തീർത്തു.
വീണ്ടും ഒഴിക്കാനൊരുങ്ങിയ സലീനയെ അവൻ തടഞ്ഞു.
“മതിയെടീ… വയറ് നിറഞ്ഞു….”
“നിന്നെ കണ്ടാലറിയാലോടാ നിനക്ക് മതിയായിട്ടില്ലെന്ന്… കുറച്ച് കൂടിയേ ഉള്ളൂ…”
“ശരി… അത് കൂടി കുടിക്കാം… പക്ഷേ,അപ്പോ നീയെന്ത് കഴിക്കും… ?”
ആ ചോദ്യം കേട്ട് അവൾ ഒന്ന് പതറി.
“ഞാൻ… ഞാൻ കഴിച്ചതാ…”
പതർച്ചയോടെയാണ് അവളത് പറഞ്ഞത്.
“ഇവിടുന്ന് പോയിട്ട് നീ കഞ്ഞി കുടിക്കാനുള്ള സമയമൊന്നും ആയിട്ടില്ല… നീയെന്തിനാടീ നുണ പറയുന്നേ… ?”
സലീനയുടെ വെളുത്ത മുഖം ചുവന്ന് വരുന്നത് കണ്ട് അബ്ദുവിന് അൽഭുതമായി.
“നീയിത് കുടിക്കബ്ദൂ… എനിക്ക് പോണം… “
പതിവില്ലാത്തൊരു നാണവും അവളുടെ മുഖത്ത് അവൻ കണ്ടു. ലജ്ജകൊണ്ടാണവളുടെ മുഖം ചുവന്നതെന്നും, അവന് മനസിലായി.
“നിനക്ക് സാജിത വിളിച്ചിരുന്നോ… ?”
ഓർക്കാപ്പുറത്തുള്ള അബ്ദുവിന്റെ ചോദ്യം കേട്ട് സലീന ഞെട്ടിപ്പോയി.
അതെങ്ങിനെ ഇവനറിഞ്ഞു….?
“ഏത്… ഏത് സാജിത…?”
ഒന്നുമറിയാത്ത പോലെ സലീന ചോദിച്ചു.
“നിനക്കെത്ര സാജിതയെ അറിയാം… ?
എടീ നമ്മുടെ കൂടെപ്പഠിച്ച സാജിത… നിന്റെ ചങ്കായ സാജിത… അവളിപ്പോ നിനക്ക് വിളിച്ചിരുന്നോന്ന്… ?”
“ഇല്ല… അവൾ… വിളിച്ചില്ല…”