മുറിയിലെത്തുമ്പോ ഷംന മരുന്നൊക്കെ കഴിച്ച് മൂടിപ്പുതച്ച് കിടക്കുകയാണ്.
“മോളേ… എന്താടീ ചെയ്യാ… ?
ഞാനിവിടെ നിന്നാ പൈക്കളെ കറക്കണ്ടേ… ?
നിന്നെ ഒറ്റക്കാക്കി പോകാനും വയ്യലോ… ?”
“അതൊന്നും സാരമില്ലുമ്മാ… ഇവിടെ പേടിക്കാനൊന്നുമില്ല…. എല്ലാ റൂമിലും ആളുണ്ട്… പിന്നെ എപ്പ വിളിച്ചാലും നഴ്സുമാർ വരും…ഉമ്മ പേടിക്കാതെ പൊയ്ക്കോ…”
“എന്താ രാജേട്ടാ ചെയ്യാ… ?’”
റുഖിയ, വിഷമത്തോടെ രാജനെ നോക്കി.
“അതാ നല്ലത്… ഇവരിവിടെ നിന്നോട്ടെ… ഇവിടെ പ്രശ്നമൊന്നുമില്ലെന്നേ…. നമുക്ക് രാവിലെയിങ്ങ് വരാം…”
“എന്നാ ഉമ്മ പോട്ടേ മോളേ… നിനക്ക് കഴിക്കാനെന്തേലും വാങ്ങിത്തരണോ…… ?”
“വേണ്ടുമ്മാ… കഞ്ഞിയുണ്ടല്ലോ… എനിക്കത് മതി…. ഉമ്മ രാവിലെത്തന്നെ ഓടി വരണ്ട… ഒരു പത്ത് മണിയായിട്ടൊക്കെ വന്നാ മതി… ”
“എന്നാ നമുക്ക് പോകാം രാജേട്ടാ…”
റുഖിയ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
അവർ പുറത്തിറങ്ങിയതും സലീന, ഷംനയെ നോക്കി. അവൾ ഉറക്കം പിടിച്ചിരുന്നു.
അവൾ വേഗം കഞ്ഞിപ്പാത്രവും, ഒരു കൈലും, അച്ചാറ് കുപ്പിയുമായി അബ്ദുവിന്റെ റൂമിലേക്ക് ചെന്നു.
“ നിന്റെ ഉമ്മയെവിടെ ടീ… ?
ഉമ്മയെ കണ്ടില്ലല്ലോ… ?”
കിടക്കയിൽ എഴുന്നേറ്റിരുന്ന് കൊണ്ട് അബ്ദു ചോദിച്ചു.
“ഉമ്മ പോയി….”
പാത്രത്തിലേക്ക് കഞ്ഞി പാർന്നുകൊണ്ട് സലീന പറഞ്ഞു.
“ഞാനീ റൂമിലുണ്ടെന്ന് ഉമ്മയോട് നീ പറഞ്ഞില്ലേ….?’”
“എന്റെ കൂടെപ്പഠിച്ച ഒരാളുണ്ടെന്ന് പറഞ്ഞു… അത് നീയാണെന്നൊന്നും പറഞ്ഞില്ല….”
അത് പറഞ്ഞ് സലീന അവന്റെ മുഖത്തേക്കൊന്ന് നോക്കി.
എന്തോ, അവളുടെ നോട്ടം നേരിടാൻ അബദുവിന് കഴിഞ്ഞില്ല. അവൻ നോട്ടം മാറ്റി.
അവൾ കഞ്ഞി വിളമ്പി അവന്റെ കയ്യിൽ കൊടുത്തു. അച്ചാറ് കുപ്പി തുറന്ന് അതും അടുത്ത് വെച്ചു.