“പനി കുറഞ്ഞു ഉമ്മാ,.. പക്ഷേ അവൾക്ക് നല്ല ക്ഷീണമുണ്ടെന്ന് തോന്നുന്നു… ഇത് വരെ കണ്ണ് തുറന്നിട്ടില്ല…”
റുഖിയ കട്ടിലിലിരുന്ന് ഷംനയുടെ നെറ്റിയിൽ കൈ വെച്ച് നോക്കി. പനിയില്ല. അവർ ഷംനയെ കുലുക്കി വിളിച്ചു.
“മോളേ… എഴുന്നേൽക്കെടീ… മതി കിടന്നത്… ഈ കഞ്ഞിയങ്ങ് കുടിക്ക്….”
ഷംന മയക്കം വിട്ടുണർന്ന് ചുറ്റും നോക്കി. ഇവിടെ അഡ്മിറ്റായതൊന്നും അവൾ അറിഞ്ഞിട്ടില്ല.
സലീന വേഗം കഞ്ഞി,പാത്രത്തിലേക്ക് വിളമ്പി ഉമ്മയുടെ കയ്യിൽ കൊടുത്തു. വലിയൊരു പാത്രം നിറയെ കഞ്ഞിയുണ്ട്. അത് നന്നായെന്ന് അവൾക്ക് തോന്നി.
റുഖിയ കുറേശെ കഞ്ഞി കോരി ഷംനയുടെ വായിലേക്ക് വെച്ച് കൊടുത്തു. ഓരോ സ്പൂണ് കുടിക്കുമ്പോഴും അവൾ മതി എന്ന് പറയുന്നുണ്ട്. റുഖിയ നിർബന്ധിച്ച് മുഴുവൻ കുടിപ്പിച്ചു.അതോടെ ഷംനയുടെ കണ്ണൊന്ന് പൊന്തി.
“ഇപ്പോ കഴിക്കാൻ ഗുളികയുണ്ടോ മോളേ… ?”
അവർ സലീനയോട് ചോദിച്ചു.
സലീന മരുന്നിന്റെ കവറെടുത്ത് നോക്കി. രാത്രി കഴിക്കാനുള്ള മരുന്നെടുത്ത് ഉമ്മയുടെ കയ്യിൽ കൊടുത്തു.
ഇത് തീരാൻ കുറച്ച് സമയമെടുക്കും. കൊച്ചു കുട്ടികളേക്കാൾ കഷ്ടമാണ് ഷംനക്ക് മരുന്ന് കൊടുക്കാൻ.
“ഉമ്മാ… അപ്പുറത്തെ മുറിയിൽ കൂടെപ്പഠിച്ച ഒരാള് കിടപ്പുണ്ട്.. ഞാനൊന്ന് പോയി കണ്ടിട്ട് വരാം…”
മറുപടിക്ക് കാത്ത് നിൽക്കാതെ അവൾ വേഗം പുറത്ത് ചാടി.
അബ്ദുവിന്റെ മുറി വാതിലിൽ മുട്ടുമ്പോ എന്തിനെന്നറിയാതെ ദേഹം വിറക്കുന്നുണ്ടായിരുന്നു.
അവൾ വാതിൽ തുറന്ന് അകത്ത് കയറി.
അബ്ദു മൊബൈലും നോക്കി കിടക്കുകയാണ്.അവനെ നോക്കാൻ മുമ്പെങ്ങുമില്ലാത്തൊരു പരവേശം അവൾക്ക് തോന്നി. അത് നാണമാണോ,ലജ്ജയാണോ, അതോ സന്തോഷമാണോ, എന്താണെന്ന് അവൾക്ക് തന്നെ മനസിലായില്ല.