“ചേച്ചി ജിത്തിനെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല കേട്ടോ”. വെജിറ്റബിൾ കട്ട് ചെയ്തുകൊണ്ട് നിന്ന സാറ ഒരു നെടുവീർപ്പോടെ ജ്യോത്സ്നയെ നോക്കി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
“നിനക്കെന്തറിയാം മോളെ. ഇവന് പതിമൂന്നു വയസുള്ളപ്പോൾ ഇവന്റെ ഇരട്ടി പ്രായവും ആരോഗ്യവും ഉള്ള ഒരുത്തനെ എന്റെ പുറകെ നടന്നു കമന്റ് അടിച്ചുന്നും പറഞ്ഞു കൂട്ടുകാരെയും ചേർന്ന് റോഡിലിട്ടു ചവിട്ടിക്കൂട്ടിയതാ കക്ഷി. സത്യം പറഞ്ഞാൽ ഇവനെ പേടിച്ചു എനിക്കൊന്നു പ്രേമിക്കാൻകൂടി പറ്റിയിട്ടില്ല, അറിയുമോ?”. ജ്യോത്സ്നയുടെ വാക്കുകൾ കേട്ട് സാറ കണ്ണുതള്ളിച്ചു അവളെ നോക്കിനിന്നു.
അവരുടെ സംസാരത്തിന്റെ ഇടക്ക് രതീഷ് ജോലിയും കഴിഞ്ഞു എത്തി. ഒരുഗ്ലാസിൽ വെള്ളവുമായി എത്തിയ ജ്യോത്സ്ന കാര്യങ്ങൾ ഒക്കെ രതീഷിനോട് വിവരിച്ചു.
“ഹാ.., അങ്ങനങ്ങു വിടണ്ടായിരുന്നു. നല്ല രണ്ടെണ്ണം പൊട്ടിച്ചിട്ടു വിട്ടാൽ പോരായിരുന്നോ നായിന്റെ മോനെ”. എല്ലാം കേട്ടുകഴിഞ്ഞു രതീഷ് അരിശത്തോടെ പറഞ്ഞു.
“അതിന് വിഷമിക്കണ്ട, അളിയൻ ഏൽപ്പിച്ചു കൊടുത്തിട്ടുണ്ട്”. അകത്തുനിന്നും ഇറങ്ങി വന്ന ജിത്തിനെ നോക്കി ചിരിച്ചുകൊണ്ട് ജ്യോത്സ്ന പറഞ്ഞു.
“അതാണ് അളിയൻ.. അത് നന്നായെടാ..” രതീഷ് എണിറ്റു ചെന്നു ജിത്തിന്റെ തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു.
ഡിന്നർ കഴിഞ്ഞപ്പോൾ രതീഷ് തന്നെ ആണ് സാറ ഇന്ന് ഒറ്റയ്ക്ക് അവിടെ കിടക്കേണ്ട, നീയും കൂടി അവളുടെ ഒപ്പം ഇന്നവിടെ പോയി കിടക്കാൻ ജ്യോത്സ്നയെ അറിയിച്ചത്. അത് കുഴപ്പമില്ല എന്ന് പറഞ്ഞു ഒഴിയാൻ നോക്കിയ സാറയോട് ചേച്ചി വരട്ടെ എന്ന് ജിത്ത് കണ്ണ് കാണിച്ചു. ജ്യോത്സ്ന മോനെ വിളിച്ചപ്പോൾ അച്ഛന്റെ കൂടെ കിടക്കുവാണെന്നു പറഞ്ഞു അവൻ മടി കാണിച്ചു. സാറയും ജ്യോത്സ്നയും പാത്രങ്ങൾ എല്ലാം കഴുകിവച്ചിട്ടു സാറയുടെ റൂമിലേക്ക് കയറി.