ഇന്ന് ഞായർ ആണ്. എല്ലാവരും ഉണ്ടാവും. ചെന്നപ്പോൾ എല്ലാവരും ഉണ്ട്.. കാരംസ് കളിയിലാണ്. ഞാനും ചെറുതായി കളിക്കും. എങ്കിലും നാട്ടിലെ പുലികൾ വേറെയുണ്ട്. ക്ലബ്ബിന്റെ പുറകിൽ പൊളിഞ്ഞു ചാടാനായ ഒരു മുറിയുണ്ട്.. അവിടെയാണ് ചില വിരുതമ്മാർ വെള്ളമടിക്കുന്നതും സിഗരറ്റ് കഴിക്കുന്നതും.. എന്നിട്ട് കുപ്പിയൊക്കെ അപ്പുറത്തെ പറമ്പിൽ ഒഴിഞ്ഞു കിടക്കുന്ന പൊട്ടകിണറിലേക്ക് എറിയും.. വയസ്സായ ചില ആളുകൾ പത്രത്തിൽ മുഴുകിയിരിക്കുന്നു. പ്രായം എത്താത്ത പിള്ളേർ ബൈക്ക് ഓടിക്കുന്നതും നോക്കി ചിലർ മൊബൈലിൽ കളിക്കുന്നു. ഇതുവരെ പണിയൊന്നും ആവാത്ത അല്ലെങ്കിൽ പണിക്കു പോവാത്ത ചിലർ ഗോലി കളിക്കുന്നു.. എല്ലാം വൈകുന്നേരങ്ങളിലും സ്ഥിരമായ കാഴ്ച.
എന്നെ കണ്ടതും അടുത്ത കൂട്ടുകാർ വിശേഷങ്ങൾ തിരക്കി. ഞാൻ അവർക്കു ഫോട്ടോസ് എല്ലാം കാണിച്ചു. Psc എഴുതാൻ വേണ്ടി തലേ ദിവസം മാത്രം പഠിക്കുന്ന ഉടായിപ്പ് കൂട്ടുകാർ ആഭ്യന്തര ചർച്ചകളിൽ മുഴുകി. വഴിയരികിൽ ചിതറി കിടക്കുന്ന ഹാൻസിന്റെ പാക്കറ്റുകളിൽ ചവിട്ടി നീർത്തിയിട്ട ഇലക്ട്രിസിറ്റി പോസ്റ്റ് കാലിൽ ഞാനും അവരും ഇരുന്നു. അവർ വെള്ളമടിക്കുള്ള കട്ടയിടുകയാണ്.. ചിലർ ഓസിനു try ചെയ്യുന്നുണ്ട്.. വാട്സാപ്പിൽ വന്ന മെസ്സേജിന്റെ ശബ്ദം കേട്ടാണ് ഞാൻ അവരോടുള്ള സംസാരം നിർത്തിയത്. പൂജയാണ്..
“”Reached “” വീട്ടിലെത്തിയിട്ടുണ്ടെന്നു തോന്നുന്നു. ഞാനവൾക്കൊരു മെസ്സേജ് പോലും ചെയ്തില്ലല്ലോ.. ചെയ്യാമായിരുന്നു. എന്തിനു… ഇത്രെയും ദിവസം അടുത്തിരുന്ന കൂട്ടുകാരിയല്ലേ..