“”അയ്യോ വേണ്ട.. സമയമാകുമ്പോൾ ഞാൻ പൊക്കോളാം “”
“”എന്താണ് ഇന്ന് നല്ല സുന്ദരിയായിട്ടുണ്ടല്ലോ.. “”
“”എടാ ഇന്നത്തോടെ ക്ലാസ്സ് കഴിഞ്ഞു എന്ത് രസായിരുന്നു ലെ.. ഇവിടുന്നു പോയാൽ നമ്മളെയൊക്കെ മൈൻഡ് ചെയ്യോ?””
“”അതെന്താ മൈൻഡ് ചെയ്യാതിരിക്കാൻ…. നീയൊന്നു പോയെ.. എന്തായാലും നിന്റെ കല്യാണത്തിന് ഞാൻ വന്നോളാം “”
“”അതിനൊക്കെ ഇനി ആളെ കണ്ടെത്തണ്ടേ.. എന്തായാലും നീ ഇടയ്ക്കു മെസ്സേജ് ചെയ്യാൻ മറക്കണ്ട “”
“”ആലോചിക്കാം..””
“”ആലോചിക്കാന്നോ “” അവളൽപ്പം ദേഷ്യത്തിൽ എന്നോട് ചോദിച്ചു.
“”അല്ല വിളിക്കാന്ന്.. നീയൊന്നു പോയെ.. ഞാനിതൊന്നു ശരിയാക്കട്ടെ.. “” കയ്യിലെ പൂക്കൾ അവളോട് സംസാരിക്കുന്നതിനിടയിൽ എത്ര ശ്രമിച്ചിട്ടും ശരിയാവുന്നില്ല..
ഒരുപാട് ദിവസം ട്രൈനിങ്ങിനിടയിൽ ഒരുമിച്ചു ഒരു ഗ്രൂപ്പിൽ ആയതും എല്ലാം വാശിയോടെ മത്സരിച്ചു ഞങ്ങൾ ജയിച്ചതും ഇടയ്ക്കിടെ എന്റർടൈൻമെന്റ് ആയി ഫാഷൻ ഷോ നടത്തിയതും എല്ലാം എല്ലാം ഓർമകളിലെ വിലപ്പെട്ട പേജുകളിൽ എഴുതി ഞങ്ങൾ മൂന്നാറിലെ തണുപ്പിനോട് വിടപറഞ്ഞു. ഒരു പ്രത്യേക സുഖമാണ് പൂജയുടെ കൂടെ നടക്കുമ്പോൾ. ഞങ്ങൾ ഭയങ്കര കെമിസ്ട്രി ആണെന്ന് എല്ലാരും പറഞ്ഞു.. അവളോടെനിക്ക് പ്രേമമൊന്നുമില്ല. സൗഹൃദം.. അത്രേയുള്ളൂ.. അവൾക്കെന്നോടും അത് മാത്രമേയുള്ളു എന്നാണ് എന്റെ വിശ്വാസം. ഫാസിൽ എന്ന് പേരുള്ള ഞാൻ പൂജ എന്ന് പേരുള്ള അവളെ പ്രേമിക്കുക എന്നുള്ളത് ലോജിക്കെയല്ല.. നമുക്ക് ചിലപ്പോൾ പ്രശ്നമിണ്ടാവില്ല.. കാണുന്നവർക്ക് മാത്രമായിരിക്കും പ്രശ്നം.