ആദ്യ ദിവസം തന്നെ ആവേശം കൂടുതലായത് കൊണ്ട് നേരത്തെ എത്തി. അടച്ചിട്ട ചില്ലു ഗ്ലാസിനു മുന്നിൽ ഇരിക്കുന്ന സെക്യൂരിറ്റി മാത്രം. രണ്ടു വശത്തേക്കും കൂർത്തിരിക്കുന്ന കട്ടിമീശ.. കറുത്ത ശരീരത്തിന് ഒട്ടും ചേരാത്ത മങ്ങിയ യൂണിഫോം.. വെളുത്ത പല്ലുകൾ കാട്ടി എന്നോട് ചിരിച്ച് കാണിച്ചു. വിശേഷങ്ങൾ പങ്കു വച്ചു. ആള് പഴയ മിലിറ്ററി ആണ്. 15 മിനിറ്റോളം ഞങ്ങൾ പരസ്പരം കത്തിയടിച്ചു. എന്റെ അതേ പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ വന്നപ്പോൾ സെക്യൂരിറ്റി.. കീ അയാൾക്ക് കൈമാറി. കണ്ടാൽ മാന്യൻ.
“”പുതിയ ആളാണല്ലേ.. ഇന്നലെ sir പറഞ്ഞിരുന്നു “” വാതിൽ തുറന്നു അകത്തേക്ക് കയറുന്നതിനിടയിൽ അയാൾ പറഞ്ഞു. ഭാഷാ ശൈലിയിൽ തൃശൂർ ആണ് വീടെന്ന് വ്യക്തം.
“”അതേ.. “” ചിരിച്ചു കൊണ്ടു ഞാൻ പറഞ്ഞു.
പിന്നെ ഞങ്ങൾ പരസ്പരം പരിചയപെട്ടു. പുള്ളിയുടെ പേര് അനൂപ്. 4 വർഷത്തോളമായി ഈ കമ്പനിയിൽ.. സമയമായപ്പോഴേക്കും ഓഫീസിൽ എല്ലാവരും എത്തി. എന്നെയും ചേർത്ത് ആകെ 6 ആളുകൾ. 40 വയസ്സ് തോന്നിക്കുന്ന ഒരു കൊച്ചിക്കാരി മാത്രമാണ് സ്ത്രീലിംഗമായിട്ടുള്ളത്. പേര് വനജ!. എല്ലാവരോടും നല്ല പെരുമാറ്റം. മാനേജർ ആയിട്ടുള്ള പ്രായം ചെന്ന ഒരാൾ വന്നപ്പോൾ അദ്ദേഹത്തെ കാണുകയും സൈൻ ചെയ്തു ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. എന്ത് കൊണ്ടും നല്ല ശാന്തമായ അന്തരീക്ഷം. 9 മണി മുതൽ 5 മണിവരെ ഓഫീസ്. ഞായറാഴ്ച അവധി. ടീ ബ്രേക്ക് വന്ന സമയത്താണ് ഞാൻ ഫോൺ എടുത്തത്. പൂജയുടെ മെസ്സേജ് പ്രതീക്ഷിച്ചു.. പക്ഷെ ഒന്നുമില്ല.. ഞാൻ അങ്ങോട്ട് മെസ്സേജ് ചെയ്തിട്ടു.