ഒരു പ്രണയ കഥ
Oru Pranaya Kadha | Author : Vijay
നമുക്കെല്ലാവർക്കും കാണും, ജീവിതത്തിൽ ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരും. ചിലപ്പോൾ അവർ നമ്മോട് ഒന്നും ചെയ്തിട്ടുണ്ടാവില്ല. പക്ഷെ മനസ്സിൽ അങ്ങനെ കയറി കൂടിയാൽ പിന്നെ അത് മാറ്റാനാവില്ല.. മാറണമെങ്കിൽ അവരുമായി നമ്മൾ അടുത്ത് സംസാരിക്കണം. പുറമെ കാണുമ്പോൾ പരുക്കൻ സ്വാഭാവമായിരിക്കും ചിലർക്ക്.. അടുത്തറിയുമ്പോൾ ആയിരിക്കും അവർ നമ്മളെക്കാൾ എത്രയോ മടങ്ങ് സാധുക്കളായിരുന്നെന്നു അറിയുന്നത്.
പറഞ്ഞ വരുന്നത്, കാലിൽ മണി കൊലുസ്സിട്ട, തല തട്ടമിട്ട് മറച്ച ഒരു സുന്ദരി പെണ്ണ് എന്റെ സങ്കൽപ്പങ്ങളെ, ഭാവനകളെ മാറ്റിമറിച്ച കഥയാണ്. കഥയല്ല.. റിയൽ ലൈഫ്..
മൂന്നാറിലെ ഒരു മഞ്ഞുകാലം…
മലകൾക്കൊപ്പം പാറിപറക്കുന്ന കോടമഞ്ഞിൽ തെളിയുന്ന സുര്യനെ പ്രതീക്ഷിച്ചിരിക്കുകയാണ് ഞാൻ. നല്ല തണുപ്പ്.. ദേഹത്തിട്ടിരിക്കുന്ന ഷട്ടർ മഞ്ഞുമൂലം വിയർത്തിരിക്കുന്നു. രാത്രി വെളിച്ചത്തിനായി തൂക്കിയിട്ട വിളക്ക് കെടുത്തി ആ ഭാഗത്തു ആകെയുള്ളയൊരു പെട്ടിക്കടയിലെ ആൾ എനിക്കായി ആവി പറക്കുന്ന ചൂടുള്ള ചായ കൊണ്ടു തന്നു..
തണുത്തു മരവിച്ച കൈകളിൽ ചൂടുള്ള ചായ ഗ്ലാസ് പിടിച്ചപ്പോൾ ശരീരത്തിലൂടെ മൊത്തം ഒരു സുഖം. അതിൽ രണ്ടും കയ്യും അമർത്തിപിടിച്ചു കൊണ്ടു കുട്ടികളെ പോലെ ചായ ഊറി ഊറി കുടിച്ചു..
വയസ്സനായ ഒരാൾ മലകളിലേക്ക് നോക്കിയിരിപ്പുണ്ട്. അയാൾ ഷട്ടർ ഇട്ടിട്ടില്ല. നടക്കാനായി കയ്യിൽ ഒരു ഊന്നു വടിയുണ്ട്. ഒരു കൈ കൊണ്ടു കത്തിച്ച ബീഡി തന്റെ കറുത്ത ചുണ്ടുകളിൽ അയാൾ വെച്ചു ആഞ്ഞു വലിച്ചു. അകത്തേക്ക് കയറ്റിയ പുക പുറത്തേക്കു വിടുമ്പോൾ അയാൾ കണ്ണുകളടച്ചാസ്വദിച്ചു. എന്നിട്ട് ചുറ്റും ആരെങ്കിലും വരുന്നുണ്ടോന്നു നോക്കി.. ഞാൻ നോക്കുന്നത് കണ്ടു എന്നെയൊന്നു നോക്കി ചിരിച്ചു. പരസ്പരം കൈകൾ ഉയർത്തി കാണിച്ചു..