സണ്ണിക്ക് നിയന്ത്രണം വിട്ട് തുടങ്ങിയിരുന്നു. അവന്റെ സ്വഭാവം വെച്ച് പൊട്ടിത്തെറിക്കേണ്ടതാണ്. പക്ഷേ, ഇവിടെയത് വയ്യ… ഇത് തന്റെ ഭാര്യയുടെ കുടുംബമാണ്.. ഇവിടെ ഒരു പ്രശ്നവും ഉണ്ടാക്കാൻ പാടില്ല.
“ഞാനയാളെ തല്ലിയിട്ടില്ല…തല്ലുമെന്ന് പറഞ്ഞു… കഴുത്തിനൊന്ന് പിടിക്കുകേം ചെയ്തു.. അതിന് വ്യക്തമായ കാരണവുണ്ട്….അതെന്താണെന്ന് അയാളോട് തന്നെ ചോദിച്ചാ മതി… ഇതിൽ കൂടുതലൊന്നും എനിക്ക് പറയാനില്ല… വാടീ…”
സണ്ണി, മിയയുടെ കയ്യും പിടിച്ച് സ്റ്റപ്പിനടുത്തേക്ക് നടന്നു.
“ചന്ദ്രേട്ടനെന്തേലും പറഞ്ഞാ നീ തല്ലുവോടാ…?
എന്നാ അതൊന്ന് കാണണമല്ലോ…ചന്ദ്രേട്ടൻ പലതും പറയും…അതൊക്കെ നീയങ്ങ് കേട്ടാ മതി… അവൻ തല്ലാൻ നടക്കുന്നു.. തെണ്ടിച്ചെറ്റ….”
സണ്ണിയുടെ നിയന്ത്രണം വിട്ടു.
അവൻ മിയയുടെ കയ്യിലെ പിടി വിട്ട് സ്റ്റപ്പിറങ്ങി, ബെറ്റിയിരിക്കുന്നതിന്റെ തൊട്ട് മുന്നിൽ വന്ന് നിന്നു.
“ അയാള് പറയുന്നത് മുഴുവൻ കേൾക്കാൻ എനിക്ക് സൗകര്യമില്ല…. എന്നോട് പറഞ്ഞ തന്തയില്ലാത്തരം ഇനി പറഞ്ഞാ വായിലൊറ്റ പല്ലും കാണൂലാന്ന് ഞാനയാളോട് പറഞ്ഞിട്ടുണ്ട്…. വീട്ടിലേക്ക് ഇഴഞ്ഞേ പോകൂന്നും പറഞ്ഞിട്ടുണ്ട്… നിങ്ങളെന്തോ ചെയ്യും..?”
സണ്ണി പൊരുതാനുറച്ച് തന്നെ ചോദിച്ചു. മിയ അൽഭുതത്തോടെയും, സന്തോഷത്തോടെയും ഭർത്താവിനെ നോക്കി.ആ പറഞ്ഞത് അവൾക്ക് ശരിക്കും ഇഷ്ടപ്പെട്ടു.
എന്നാൽ ബെറ്റി അൽപമൊന്ന് പേടിച്ചു. അവന്റെ മുഖഭാവം അവളെ പേടിപ്പെടുത്തുന്നതായിരുന്നു.
എങ്കിലും കീഴടങ്ങാൻ അവൾ തയ്യാറായില്ല.