“അവളുടെയൊരു ഭർത്താവ്… അത് ഞാനംഗീകരിക്കില്ലെടീ… ചാടിപ്പോയിട്ടല്ല ഭർത്താവിനെ ഉണ്ടാക്കേണ്ടത്… അത് ഞങ്ങള് കുടുംബക്കാര് കണ്ട്പിടിച്ച് തരും.. അല്ലാതെ ഏതേലും തെണ്ടിയെ കുടുംബത്തിലേക്ക് കൊണ്ട് വന്നാ അതംഗീകരിക്കാൻ എനിക്ക് മനസില്ല..”
ബെറ്റി രണ്ടും കൽപിച്ചാണ്.
സണ്ണിക്ക് മനസിൽ വിഷമം തോന്നിയെങ്കിലും അവൻ ചിരിച്ചതേയുള്ളൂ.
“മമ്മീ,.. എന്താ ശരിക്കും പ്രശ്നം… ഞാൻ മമ്മീന്ന് വിളിച്ചതോ… അതോ ഞാനിവളെ കെട്ടിയതോ… അതുമല്ലെങ്കിൽ ചന്ദ്രേട്ടനെ ഞാൻ തല്ലീന്ന് പറഞ്ഞതോ…?
ഞാൻ ആരുമില്ലാത്ത അനാഥനാ… അതിവൾക്കുമറിയാം… ഞാനിവളെ പിന്തിരിപ്പിക്കാനും നോക്കിയതാ…. “
സണ്ണി സങ്കടത്തോടെയാണ് പറഞ്ഞത്.
അത് കേട്ട് മിയക്ക് കരച്ചിൽ വന്നു.
“ മമ്മീ… മമ്മി കൂടുതലൊന്നും പറയണ്ട..ഇച്ചായന്റെ ഏത് കുറവും ഞാനല്ലേ അനുഭവിക്കേണ്ടേ… ?
എനിക്കത് പ്രശ്നമല്ല… മമ്മിക്കെന്തേലും പ്രശ്നമുണ്ടെങ്കിൽ അതെനിക്ക് വിഷയവുമല്ല… വാ ഇച്ചായാ… നമുക്ക് പോകാം,…”
മിയ, സണ്ണിയുടെ കയ്യിൽ പിടിച്ചു.
“നിക്കെടീ അവിടെ… നീയെന്താടാ ചോദിച്ചേ… ?
എനിക്കേതാ പ്രശ്നം ന്ന്, അല്ലേ… ?
എനിക്കെല്ലാം പ്രശ്നമാടാ… എന്നാലും ഇപ്പോ എനിക്കറിയേണ്ടത് എന്തിനാ നീ ചന്ദ്രേട്ടനെ തല്ലിയേന്നാ…. അത് പറയാതെ നീയിവിടുന്ന് പോവില്ല…”
ബെറ്റി പകയോടെ അവനെ നോക്കി.
“എന്റെ മമ്മീ.. ഞാനയാളെ തല്ലിയൊന്നുമില്ല… അയാള് വെറുതേ പറഞ്ഞതാ…”
“അങ്ങിനെ വെറുതേയെന്തെങ്കിലും പറയുന്ന ആളല്ല ചന്ദ്രേട്ടൻ… അയാള് കുടുംബത്തിൽ പിറന്നവനാ… നിന്നെ പോലെ അനാഥനല്ല…”