“ നീയിന്ന് ചന്ദ്രേട്ടനെ തല്ലിയോടാ… ?
നീയാരാന്നാ നിന്റെ വിചാരം… ?
നിന്റെ ചോരത്തിളപ്പും കൊണ്ട് നീ ചന്ദ്രേട്ടന്റെ അടുത്തേക്ക് ചെല്ലരുത്… എന്ത് ധൈര്യത്തിലാടാ നീ ചന്ദ്രേട്ടനെ തല്ലിയത്…?
ചന്ദ്രേട്ടൻ ആരാന്ന് നിനക്കറിയോ… ?”
ബെറ്റി, ദേഷ്യത്തോടെ ചോദിച്ചു.
മിയ അമ്പരപ്പോടെ സണ്ണിയെ നോക്കി. ഇച്ചായൻ,ചന്ദ്രേട്ടനെ തല്ലിയെന്നോ… ?
എന്തിന്….?
പക്ഷേ, ഇച്ചായൻ പുഞ്ചിരിയോടെ നിൽക്കുകയാണ്.
“പറയെടാ… എന്ത് കാര്യത്തിനാ നീ ചന്ദ്രേട്ടനെ തല്ലിയത്… ?”
അവന്റെ ചിരി കണ്ട് ബെറ്റിക്ക് ദേഷ്യം ആളിക്കത്തി.
“ഞാനടിച്ചത് അയാള് പറഞ്ഞെങ്കിൽ, അതെന്തിനാന്നും അയാള് പറഞ്ഞില്ലേ…..?”
ചിരിയോടെത്തന്നെ സണ്ണി ചോദിച്ചു.
“അപ്പോ നീ അയാളെ അടിച്ചു…”
“അതയാള് പറഞ്ഞില്ലേ… ?”
“ഞാൻ ചോദിച്ചതിനുത്തരം പറയെടാ…”
ബെറ്റിക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല.
“എന്റെ മമ്മീ… ഞാനയാളെ അടിച്ചൊന്നുമില്ല…”
“മമ്മിയോ… ? ഏത് മമ്മി… ?
എന്നെ നീ മമ്മീന്ന് വിളിക്കുന്നോ… ? അതിന് നിനക്കെന്താടാ അവകാശം.. ?’”
ബെറ്റി ചീറി…
“ഭാര്യയുടെ മമ്മിയെ ഞാനും മമ്മീന്നല്ലേ വിളിക്കണ്ടേ… ?
ഞാനങ്ങിനെയാ പഠിച്ചേ…”
സണ്ണിയുടെ മുഖത്ത് ചിരി തന്നെയാണ്.
“അയ്യടാ.. ഒരു ഭാര്യേം ഭർത്താവും… എന്റെ മോളെ മയക്കിയെടുത്തതല്ലേടാ നാറീ നീ… ?
എന്നിട്ടവനെന്നെ മമ്മീന്ന് വിളിക്കുന്നു… ആ പൂതി നീയങ്ങ് മനസിൽ വെച്ചാ മതി….”
അത് മിയക്കിഷ്ടപ്പെട്ടില്ല.
“മമ്മി ആവശ്യമില്ലാത്ത കാര്യം പറയരുത്… ഇത് ഞാനിഷ്ടപ്പെട്ട് കെട്ടിയ എന്റെ ഭർത്താവാ… നാറീന്നൊന്നും മമ്മി വിളിക്കണ്ട…”