അങ്ങനെ മനോഹരമായ അവരുടെ വിവാഹ ജീവിതം 21 വർഷം പിന്നിട്ടു. എന്നും രാത്രി ഓഫീസിലെ കാര്യങ്ങൾ കഴിഞ്ഞ് ക്ലബിൽ പോയി കുടിച്ച് ലക് കെട്ട് വരുന്ന രാജീവ് അന്ന് സ്വബോധത്തോടെ വീട്ടിലേക്ക് കയറി വരുന്നത് കണ്ടപ്പോൾ തന്നെ ലക്ഷ്മിക്ക് അത്ഭുദമായിരുന്നു.
കയ്യിലെ ചെറിയ ഒരു ഫയൽ ലക്ഷ്മിയുടെ നേരെ നീട്ടിക്കൊണ്ട് രാജീവ് ഒരു പുഞ്ചിരി സമ്മാനിച്ചു, തുറന്നു നോക്കിയപ്പോൾ നഗരത്തിലെ ഒരു ട്രാവൽ ഏജൻസിയുടെ പേപ്പറുകളും അവരുടെ പാസ്പോർട്ടും ടിക്കറ്റും ആയിരുന്നു.
2 ആഴ്ചക്ക് ശേഷം തങ്ങളുടെ 22 ആം വിവാഹ വാർഷികവും, അതിൻ്റെ 3 ദിവസത്തിന് ശേഷമുള്ള തൻ്റെ പിറന്നാളിനും ചേർന്നുള്ള രാജീവിൻ്റെ സമ്മാനം, ഫ്രാൻസിലേക്ക് ഒരു സെക്കന്റ് ഹണിമൂൺ. കുറച്ച് ദിവസം മുൻപ് അവൾ ഇൻസ്റ്റഗ്രാമിലെ ഒരു റീൽ കണ്ട് രാജീവിനോട് പറഞ്ഞിരുന്നു, അവൾക്ക് പാരീസ് നഗരത്തിൽ രാജീവിൻ്റെ കയ്യും പിടിച്ച് നടക്കണം എന്ന്. ആ സ്വപ്നം സാക്ഷാത്കരിക്കാൻ രാജീവ് തിരഞ്ഞെടുത്തത് അവരുടെ 22 ആം വിവാഹവാർഷികമാണ്.
പിന്നീടുള്ള ഒരാഴ്ച കാലം ലക്ഷ്മിയുടെ മനസ്സിൽ എപ്പോഴും പാരീസ് ആയിരുന്നു. ഈഫിൽ ടവറിൻ്റെ മുന്നിൽ നിന്ന് രാജീവിനെ ചുംബിച്ച് കൊണ്ട് ഒരു ഫോട്ടോ എടുക്കണം എന്നത് അവളുടെ ഒരു സ്വപ്നം ആയിരുന്നു.
എന്നാൽ ലക്ഷ്മിയുടെ സ്വപ്നങ്ങളെ എല്ലാം തല്ലി കെടുത്തിക്കൊണ്ട് രാജീവിൻ്റെ ഓഫീസിൽ ഒരു ഇൻകം ടാക്സ് റെയ്ഡ് നടന്നു. പല തിരിമറികളും ഉണ്ടെന്ന് സംശയം അവർക്ക് തോന്നിയത് കൊണ്ട്, അന്വേഷണം തീരുന്നത് വരെ അവർ രാജീവിനോട് രാജ്യം വിട്ടുള്ള യാത്ര വേണ്ട എന്ന നിബന്ധനയും മുന്നോട്ട് വെച്ചു.