“ഇപ്പോ എവിടെയുണ്ട് ഇയാൾ? മോൾക്ക് അറിയോ?”
“ഇല്ല മാഡം… വീട്ടിലുണ്ടാവാറില്ല ഈ നേരത്ത്…”
എസ് ഐ ഹമീദിനൊപ്പം ഹംസയുടെ വീട്ടിൽ പോയി അന്വേഷിക്കാൻ അവൾ ഗംഗയെ ചട്ടം കെട്ടി.
“ഡാ, ഇവളെ ഇനി അവന്റെ വീട്ടിലേക്ക് വിട്ടാൽ ശെരിയാവില്ല…”
“അതോർത്ത് നീ ടെൻഷൻ ആവണ്ട. അവൾക്കുള്ള താമസം ഈ നിയാസ് റെഡി ആക്കിയിട്ടുണ്ട്. ഡോണ്ട് വറി”
തന്റെ ഉള്ളിലെ ആധി നിയാസിനെ അറിയിച്ച അഫ്സലിനോട് അവൻ വീരവാദം മുഴക്കുന്ന പോലെ പറഞ്ഞു.
“ഇതാണോ മോൻ പറഞ്ഞ പെണ്ണ്?”
അഫ്സിലയെയും കൂട്ടി വീട്ടിലേക്ക് കയറി ചെന്ന നിയാസിനോട് രഞ്ജിത ചോദിച്ചു.
“അതെ… ഇതാണ് ആള്…”
“മോള് വാ…”
രഞ്ജിത അഫ്സിലയെ കയ്യിൽ പിടിച്ചു വീടിനകത്തേക്ക് വിളിച്ചു കൊണ്ട് പോവുമ്പോൾ അവളുടെ ഒരു കൈ അഫ്സലിന്റെ കയ്യിലും പിടിച്ചിരുന്നു.
“ഇനി ഇതാണ് മോളുടെ വീട്. ഇവരൊക്കെ എന്നെ വിളിക്കുന്നത് ടീച്ചറമ്മേ എന്നാ… മോള് എന്നെ അമ്മേന്ന് വിളിച്ചാ മതി. ദേ ആ കാണുന്നതാണ് നിന്റെ അനിയത്തി അഭിന.”
രഞ്ജിത അഫ്സിലയെ സ്വന്തം മകളെ പോലെ സ്വീകരിച്ചു. അഭിനയും അവളെ ചേച്ചിയായി സ്വീകരിച്ചു കൊണ്ട് പോയി. അഭിനയോടും അമ്മുവിനോടും ഒപ്പം സിനിയുടെ മക്കളെയും കൂട്ടി മുകളിലെ മുറിയിലേക്ക് പോകുന്ന അഫ്സിലയെ അഫ്സൽ നിറഞ്ഞ പുഞ്ചിരിയോടെ നോക്കി നിന്നു.
സോഫയിലിരിക്കുന്ന നിയാസിനും അഫ്സലിനും നടുവിലേക്ക് കയറി ഇരുന്ന് രഞ്ജിത അവരോട് സംസാരിച്ചിരുന്നു.