“എന്താ അഫ്സൂ? പറയ്”
അഫ്സൽ ശ്രീജയോട് അഫ്സിലയുടെ കാര്യങ്ങൾ വിശദീകരിച്ചു.
“ചേച്ചീ എനിക്ക് കമ്മിഷണർ സർ നെ ഒന്ന് കാണണം. ചേച്ചിയൊന്ന് ഹെല്പ് ചെയ്യോ?”
“അപ്പോ അയാളുടെ കൂട്ടുകാരൻ ആണോ പാത്തൂനോട് ഇത് ചെയ്തത്? നീ ഒരു കാര്യം ചെയ്യ്… നേരെ വീട്ടിലേക്ക് വാ. അവനിവിടെയുണ്ട്…”
ശ്രീജ ആനന്ദിനെ വിളിച്ചെഴുന്നേൽപ്പിച്ചു അഫ്സൽ പറഞ്ഞ കാര്യങ്ങൾ അവനെ ധരിപ്പിച്ചു.
ശ്രീജയുടെ വീട്ടിലേക്ക് അവൾ പറഞ്ഞ വഴിയേ അഫ്സൽ എത്തുമ്പോൾ ആനന്ദും ശ്രീജയും ഹാളിൽ ഇരിപ്പുണ്ടായിരുന്നു. അവളുടെ വീട്ടിൽ ആദ്യമായി വന്ന അഫ്സലിനെ ശ്രീജ അകത്തേക്കു ക്ഷണിച്ചിരുത്തി.
അഫ്സൽ അടുത്തു നിൽകുമ്പോൾ ചേച്ചിയുടെ മുഖത്ത് മിന്നിമറയുന്ന വികാരങ്ങൾ ആനന്ദ് ശ്രദ്ധിച്ചു. അഫ്സൽ കാണാതെ അവൻ അവളെ കളിയാക്കി ചിരിച്ചു.
“അഫ്സൽ, ചേച്ചി കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞിരുന്നു. താനൊരു കാര്യം ചെയ്യ്, ആ കൊച്ചിനെയും കൂട്ടി ഒന്ന് സ്റ്റേഷനിൽ പോയി ഒരു കംപ്ലയിന്റ് കൊടുക്ക്. ബാക്കി ഞാൻ നോക്കിക്കോളാം”
“അത് ഞാൻ ചെയ്യാം സർ… നിയാസ് സി ഐ യോട് വിളിച്ചു പറഞ്ഞപ്പോൾ അവളെയും കൂട്ടി അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്. ഞാൻ ഇപ്പോ തന്നെ പോവാം…”
“എന്നാ ശെരി… ഞാനും വിളിച്ചു പറഞ്ഞേക്കാം. ആദ്യം ഒരു കംപ്ലയിന്റ് എടുക്കാം. അതിനു ശേഷം പൊക്കാം അവനെ.”
അഫ്സൽ കടയിൽ പോയി അഫ്സിലയെയും കൂട്ടി സ്റ്റേഷനിൽ എത്തുമ്പോൾ നിയാസും അവിടേക്ക് എത്തിയിരുന്നു. കംപ്ലയിന്റ് എഴുതാനും ഒക്കെ അഫ്സിലയെ സഹായിച്ചത് ഗംഗയാണ്. ഗംഗ പറഞ്ഞു കൊടുത്ത പ്രകാരം കംപ്ലയിന്റ് എഴുതി അവൾ ആതിരയെ ഏല്പിച്ചു.