ചന്ദ്രൻ പറഞ്ഞതത്രയും പുഛത്തോടെയും, പരിഹാസത്തോടെയുമാണെന്ന് അവർക്ക് മനസിലായില്ലെങ്കിലും സണ്ണിക്ക് മനസിലായി. എങ്കിലും അതവൻ കാര്യമാക്കിയില്ല.
“മുതലാളിയുടെ മകളെ പ്രേമിച്ച് ചാടിച്ചവനാ… സൂക്ഷിച്ച് നിന്നോട്ടോ നാരായണാ…”
തെങ്ങ് കയറ്റക്കാരൻ നാരായണനെ നോക്കി പറഞ്ഞു കൊണ്ട് ചന്ദ്രൻ ഉറക്കെ ചിരിച്ചു. നാരായണന് ചിരി വന്നില്ല..
“ഇനി കാര്യങ്ങളെല്ലാം ഈ മുതലാളിയോട് പറഞ്ഞാ മതി… ഞാനിടക്ക് വരാം… വന്നല്ലേ പറ്റൂ…”
ഒരു താക്കീതിന്റെ സ്വരത്തിൽ പറഞ്ഞ് കൊണ്ട് ചന്ദ്രൻ ബൈക്കിനടുത്തേക്ക് നടന്നു.
പണിക്കാരെല്ലാം അൽഭുതത്തോടെ സണ്ണിയെ നോക്കുകയാണ്. ചിലർക്കെല്ലാം അവനെ കണ്ട് പരിചയമുണ്ട്… എല്ലാവരും വന്ന് അവനെ പരിചയപ്പെട്ടു.
അവനും സൗഹാർദത്തോടെ അവരോട് സംസാരിച്ചു.
മുതലാളിയുടെ സുന്ദരിയായ മകൾക്ക് ഇതിനേക്കാൾ നല്ലൊരു ഭർത്താവിനെ കിട്ടാനില്ലെന്ന് അവർക്ക് തോന്നി. അവന്റെ പെരുമാറ്റം എല്ലാവർക്കും ഇഷ്ടമായി.
ഏറ്റവും പിന്നിൽ തന്നെത്തന്നെ നോക്കി , കയ്യിൽ ടാപ്പിംഗ് കത്തിയുമായി നിൽക്കുന്ന ആളെ സണ്ണി ശ്രദ്ധിച്ച് നോക്കി.
അവന്റെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു.
“എടാ മാർട്ടിനേ… നീയെന്താടാ ഇവിടെ…?”
സണ്ണിക്ക് വിശ്വസിക്കാനായില്ല.
ഓർഫനേജിൽ ഒരുമിച്ച് വളർന്നവരാണവർ. മാർട്ടിൻ അനാഥനൊന്നുമല്ല. അവന്റപ്പന്റെ കുടി കാരണം മക്കളെ വളർത്താൻ വേറെ വഴിയില്ലാഞ്ഞാണ് അവന്റെ അമ്മച്ചി അവനേയും, അനിയത്തിയേയും അനാഥാലയത്തിലാക്കിയത്.
അതിന് ശേഷവും അവർ തമ്മിൽ സൗഹൃദമുണ്ടായിരുന്നു. പഠനം പാതിക്ക് നിർത്തി മാർട്ടിൻ പണിക്കിറങ്ങി. ഇവിടെയാണവന് പണിയെന്ന് കരുതിയതേയില്ല. ഇപ്പോ ഇടക്കൊക്കെയേ തമ്മിൽ കാണാറുള്ളൂ.
കഴിഞ്ഞ വർഷം അവന്റെ കല്യാണത്തിന് കൂടിയിരുന്നു.