“എനിക്കതിന് സൗകര്യമില്ലെടീ… അവനെ ഞാനിവിടുന്ന് പുറത്താക്കും… എന്നെ അനുസരിച്ചില്ലേൽ നിന്നേം…
നിനക്കിത് എന്തിന്റെ കേടായിരുന്നു… പഠിക്കാൻ വിട്ടാ പഠിക്കണം… അല്ലാതെ കണ്ട തെണ്ടികളുടെ ഒളിച്ചോടി പോവുകയല്ല വേണ്ടത്…. നിനക്കിപ്പോ കല്യാണം വേണേൽ എന്നോട് പറഞ്ഞാ പോരായിരുന്നോ… നല്ല പണക്കാരൻ ചെക്കനെ ഞാൻ കണ്ടെത്തിയേനല്ലോ…
അപ്പോ നിനക്ക് നെഗളിപ്പ്… ഒരു കാര്യം ഞാൻ പറഞ്ഞേക്കാം… അവനൊപ്പം ജീവിക്കാമെന്ന് എന്റെ മോള് സ്വപ്നം കാണണ്ട… മരിച്ചാലും ഞാനതിന് സമ്മതിക്കില്ല….”
മിയ ഭയത്തോടെ മമ്മിയെ നോക്കി. പക കൊണ്ട് ജ്വലിക്കുകയാണ് മമ്മിയുടെ കണ്ണുകൾ. ദേഷ്യം കൊണ്ട് വിറക്കുന്നുമുണ്ട്.
എന്താണ് മമ്മിക്കിത്ര പകയെന്ന് അവൾക്ക് മനസിലായില്ല.
“അവസാനമായി ഞാനൊരു കാര്യം പറയാം… അവനോട് നീ കാര്യം പറ… നിനക്ക് താൽപര്യമില്ലെന്ന് പറ… അവനോട് അവന്റെ പണി നോക്കി പോകാൻ പറ… അവനെന്തേലും നക്കാപിച്ച വേണേൽ ഞാൻ കൊടുത്തേക്കാം… ഇനിയീ വീട്ടിൽ അവൻ കയറരുത്…”
മിയ, സെറ്റിയിൽ നിന്ന് ചാടിയെണീറ്റ് കത്തുന്ന കണ്ണുകളോടെ ബെറ്റിയെ നോക്കി.
“നിങ്ങളൊരു മമ്മിയാണോ….?
ഒരു സ്ത്രീയാണോ… ?
എങ്ങിനെ നിങ്ങൾക്കിങ്ങിനെയൊക്കെ പറയാൻ കഴിയുന്നു… സണ്ണിച്ചായൻ എന്റെ ഭർത്താവാണ്… അദ്ദേഹത്തെ കുറിച്ചാണ് നിങ്ങളിങ്ങനെയൊക്കെ പറയുന്നത്… നിങ്ങൾക്കിഷ്ടമല്ലെങ്കിൽ വേണ്ട… എനിക്കിഷ്ടപ്പെട്ടിട്ടാണ് ഇച്ചായനെ ഞാൻ കെട്ടിയത്… ഞാനാണ് ഇച്ചായനൊപ്പം ജീവിക്കേണ്ടത്… പണമാണ് എല്ലാറ്റിലും വലുതെന്ന് കരുതി ജീവിക്കുന്ന നിങ്ങള് പറയുന്നത് അനുസരിക്കാൻ എനിക്ക് മനസില്ല… ഞങ്ങളിവിടെത്തന്നെ ജീവിക്കും… നിങ്ങളുടെ കൺമുന്നിൽ തന്നെ… കാണാൻ കഴിയില്ലേൽ നിങ്ങളങ്ങ് കണ്ണടച്ചേക്ക്… ഞങ്ങളുടെ ജീവിതത്തിൽ എന്തേലും പ്രശ്നവുമായി നിങ്ങള് വന്നാ… ഇപ്പോ ഞാനൊന്നും പറയുന്നില്ല…”