മിയ വിശ്വാസം വരാതെ മമ്മിയെ നോക്കി. എന്തൊക്കെയാണ് മമ്മിയീ പറയുന്നത്. ഇച്ചായനെ ഉപേക്ഷിക്കാനോ… ?-
എന്നിട്ട് പണക്കാരനായ ഒരാളെ കൊണ്ട് തന്നെ കെട്ടിക്കാമെന്ന്…
മിയയുടെ ഉള്ളിൽ മമ്മിയോടുള്ള ദേഷ്യം പതഞ്ഞ് പൊന്തി .
“മമ്മീ…മമ്മിയെ ഡാഡി കല്യാണം കഴിക്കുമ്പോ മമ്മി പണക്കാരിയായിരുന്നോ… ?
ചെറിയൊരു കുടിലല്ലേ മമ്മി താമസിച്ചിരുന്നേ,..?. മമ്മിയുടെ അപ്പന് കറവയല്ലായിരുന്നോ പണി….?
അതൊക്കെ മമ്മി മറന്നോ…”
ബെറ്റി അത് കേട്ട് പകയോടെ മകളെ നോക്കി.
“എന്റെ കുടുംബ ചരിത്രം നീയധികം ചികയണ്ട… എന്റെ കാര്യമല്ല നമ്മൾ സംസാരിക്കുന്നതും… ഒരു വീടോ, ബന്ധുക്കളോ ഇല്ലാത്ത ആ തെണ്ടിയെ ഞാനീ വീട്ടിൽ കേറ്റില്ല… നീയെന്തൊക്കെ പറഞ്ഞാലും…”
“അത് മമ്മിക്കെങ്ങിനെ പറയാനാകും.. ഇത് മമ്മിയുടെ വീടാണോ… അല്ലല്ലോ..
ഇതെന്റെ ഡാഡിയുടെ വീടാണ്… ആ ഡാഡിയാണ് എന്നെയും സണ്ണിച്ചായനേയും ഇങ്ങോട്ട് കൂട്ടിക്കോണ്ട് പോന്നത്… ഡാഡിയാണ് പറയേണ്ടത്… അല്ലാതെ മമ്മിയല്ല…”
മിയ ദേഷ്യം കൊണ്ട് ഉച്ചത്തിലാണ് പറയുന്നത്… ഇങ്ങിനെയൊന്നും മമ്മിയോട് ഇത് വരെ സംസാരിച്ചിട്ടില്ല.
“ഇതെന്റെ വീടല്ല… സമ്മതിച്ചു… പക്ഷേ, എനിക്കും ഇവിടെ അവകാശമുണ്ട്… അവനിവിടെ താമസിക്കുന്നത് എനിക്കിഷ്ടമല്ല… ഞാനതിന് സമ്മതിക്കുകയുമില്ല… വലിഞ്ഞ് കേറിവന്ന ഒരു തെണ്ടി ഈ തറവാട്ടിൽ കഴിയാമെന്ന് ആരും കരുതണ്ട,….”
മിയ്ക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല.
“എന്റെ ഭർത്താവിനെ കുറിച്ചാണ് മമ്മിയിത് പറഞ്ഞതെന്ന് ഓർമ വേണം… ഇവിടെ വന്ന് കയറുമ്പോ മമ്മിയും ഇത് പോലെ തന്നെയായിരുന്നു… എന്നിട്ടിപോ മമ്മിയാരാ… ഈ നാട്ടിലെ വലിയ പണക്കാരിയായില്ലേ… എന്റെ ഭർത്താവിന്റെ കാര്യം വന്നപ്പോ മാത്രമെന്താ മമ്മിക്കതംഗീകരിക്കാൻ മടി…?
ഞങ്ങളെന്തായാലും ഈ വീട്ടിൽ തന്നെ ജീവിക്കും… മമ്മിക്ക് ബുദ്ധിമുട്ടാണേൽ മമ്മി വേറെ സ്ഥലം നോക്ക്…”