“ആഹാ… പുതുമണവാട്ടിയെന്തേ ഇന്ന് നേരത്തെ… അല്ലെങ്കിൽ എട്ട് മണിക്കല്ലേ എഴുന്നേൽക്കൂ… ?”
മറിയച്ചേടത്തി സന്തോഷത്തോടെ ചോദിച്ചു. അവര് രണ്ടും നല്ല കമ്പനിയാണ്.
ബെറ്റി ചേട്ടത്തിയോട് അധികം മിണ്ടാറില്ല..
പാവപ്പെട്ടവരെ കാണുന്നത് തന്നെ ബെറ്റിക്ക് അറപ്പാണ്.
“ കെട്ട്യോനെ ജോലിക്ക് വിടണ്ടേ ചേടത്തീ… അപ്പോ ഭാര്യ ഉറങ്ങിയാ പറ്റോ…കഴിക്കാനുള്ളതായോ ചേടത്തീ….?”
മിയ ചിരിയോടെ ചോദിച്ചു..
“എല്ലാം റെഡി… പാലപ്പം… മുട്ടക്കറി… ചിക്കൻ കറി…. കാപ്പി… എല്ലാം റെഡി…”
“ എന്നാ പെട്ടെന്ന് വിളമ്പ്… ഇച്ചായന് ഇറങ്ങാൻ സമയമായി…”
ചേടത്തി വേഗം തന്നെ എല്ലാം വിളമ്പി. മിയ എല്ലാം കൊണ്ട് പോയി ടേബിളിൽ നിരത്തി.
“നിന്നോട് ഞാൻ പറഞ്ഞില്ലേടീ, എനിക്കൊരു ഗ്ലാസ് ചായ മാത്രം മതീന്ന്… ഇതൊന്നും ഇപ്പോ വേണ്ടെടീ പൊന്നേ…”
അവൾ നിരത്തുന്ന വിഭവങ്ങളിലേക്ക് നോക്കി സണ്ണി പറഞ്ഞു.
“ അതൊക്കെ ഇന്നലത്തോടെ തീർന്നു… ഇന്ന് മുതൽ പുതിയ ശീലങ്ങൾ… ഓക്കേ…”
അവൾ പ്ലേറ്റിലേക്ക് അപ്പമിട്ട്, അതിലേക്ക് മുട്ടക്കറി ഒഴിച്ച് കൊണ്ട് പറഞ്ഞു.
“വേഗം പോണേൽ വേഗം കഴിക്ക്… കഴിക്കാൻ വൈകിയാ ഇച്ചായന്റെ പോക്കും വൈകും…”
തൊട്ടടുത്ത് ഇരുന്ന് കൊണ്ട് മിയ പറഞ്ഞു. ഇത് കഴിക്കാതെ എണീൽക്കാൻ ഇവള് സമ്മതിക്കില്ലെന്ന് അവന് മനസിലായി.
അവൻ പതിയെ കഴിക്കാൻ തുടങ്ങി. മിയ ചിക്കൻ കോരി അവന്റെ പ്ലേറ്റിലേക്കിട്ടു.
“ എടീ… ഈ രാവിലെത്തന്നെ എങ്ങിനെയാടീ ചിക്കൻ കഴിക്കാ… ?
നീയതെടുത്തേ… എനിക്ക് കറി മാത്രം മതി…”
“ചിക്കൻ രാവിലേയും കഴിക്കാം, രാത്രിയും കഴിക്കാം… ഒരു കുഴപ്പോമില്ല… കൊഞ്ചാതെ
ഇതങ്ങോട്ട് കഴിച്ചാ മതി…”