അത് കൂടി കേട്ടതോടെ ബെറ്റി കഴിച്ചോണ്ടിരുന്ന പാത്രം ഒറ്റത്തള്ള്. പിന്നെ എഴുന്നേറ്റ് കൈ കഴുകി ചാടിത്തുള്ളി മുറിയിലേക്ക് പോയി.
സണ്ണിയൊന്ന് വിളറി.
“ അതൊന്നും നീ കാര്യമാക്കണ്ട .
കഴിച്ച് കഴിഞ്ഞ് നമുക്കെല്ലാം ഒന്ന് പോയി കാണാം…. എല്ലാം
ഡാഡിയൊന്ന് പരിചയപ്പെടുത്തിത്തരാം,..”
തോമസ് എഴുന്നേറ്റ് കൈകഴുകി മുറിയിലേക്ക് ചെന്നു.
കുത്തിവീർത്ത മുഖവുമായി ബെറ്റി കിടക്കയിലിരിക്കുകയാണ്.
“നിങ്ങളെന്നെ തോൽപിക്കാൻ തന്നെയാണോ തീരുമാനിച്ചേ… ?”
വന്ന് കയറിയതേ ബെറ്റി തോമസിനോട് ചാടി.
“ മനസിലായില്ല…”
അയാൾ നിസാരമായി പറഞ്ഞു.
“എന്താ നിങ്ങൾക്ക് മനസിലാവാത്തേ… എല്ലാം മരുമകനങ്ങ് ഏൽപിച്ച് കൊടുത്തോ….?
ആ ചന്ദ്രേട്ടനോട് ഞാനിനി എന്ത് സമാധാനംപറയും…?
മനുഷ്യനെ നാണം കെടുത്തിയല്ലോ നിങ്ങള്… “
ബെറ്റി നിന്ന് ചീറി.
“ ചന്ദ്രനോട് നീയെന്തിനാ സമാധാനം പറയുന്നേ.. ?
നീയാണോ ചന്ദ്രനെ പണിക്ക് വെച്ചേ.. ?
അല്ലല്ലോ… ചന്ദ്രനോട് എന്ത്പറയണമെന്ന് എനിക്കറിയാം… നീയതിന് തുള്ളണ്ട…”
അലമാരയിൽ മടക്കി വെച്ച ഡ്രസുകളെടുത്ത് പെട്ടിയിൽ പെട്ടിയിൽ അടുക്കുന്നതിനിടെ തോമസ് പറഞ്ഞു.
“ശരി… ചന്ദ്രേട്ടൻ നിങ്ങടെ കൂട്ടുകാരനല്ലേ… അതെന്താന്ന് വെച്ചാ നിങ്ങള് ചെയ്തോ… പക്ഷേ, വാടക പിരിച്ചിരുന്നത് ഞാനല്ലേ… അതെന്തിനാ നിങ്ങള് അവനെ ഏൽപിച്ചേ…?
അതെനിക്കറിയണം…”
“അതറിയാൻ എന്തിരിക്കുന്നു… ഇത്രയും കാലം നീയല്ലേ വാടക പിരിച്ചത്…?
എന്നിട്ടതിൽ എന്തുണ്ട് ബാക്കി… അതിന്റെ കണക്കൂടിയൊന്ന് പറ…”
“ ഓഹോ… നിങ്ങളെന്നോട് കണക്ക് ചോദിക്കുകയാണല്ലേ… കിട്ടിയ പൈസയൊക്കെ ഈ വീടിന് വേണ്ടിത്തന്നെയാ ഞാൻ ചിലവാക്കിയേ…”