സണ്ണിക്ക് എന്തേലും ബിസിനസ് ഐഡിയ ഉണ്ടേൽ അവനത് നടത്താം.. അതിനെത്ര പണം വേണേലും അയാൾ മുടക്കും.
ഇനി ഒന്നും ചെയ്തില്ലേലും കുഴപ്പമില്ല. ഈ വീട്ടിൽ സുഖമായി കഴിയാം.
എന്നാൽ സണ്ണിക്കത് താൽപര്യമുണ്ടായിരുന്നില്ല.
“ഡാഡീ,..ഞാൻ പഠിച്ചൊരു പണിയുണ്ട്… ഞാനതിന് പൊയ്ക്കോളാം…”
അവൻ വിനയത്തോടെ പറഞ്ഞു.
“അതിനിവേണ്ടെടാ മോനേ… എനിക്ക് കുറച്ചിലായിട്ടൊന്നുമല്ല… എല്ലാ ജോലിക്കും അതിന്റേതായ മാന്യതയുണ്ടെന്ന് വിശ്വസിക്കുന്നവനാ ഞാൻ… എന്നാലും ഇനി നീ പുറത്ത് ജോലിക്കൊന്നും പോണ്ട….
“അയ്യോ… ഡാഡീ… വെറുതെയിരിക്കാനൊന്നും എനിക്ക് കഴിയില്ല.,..”
“ നീ വെറുതേയിരിക്കെണ്ടെടാ ഉവ്വേ… എനിക്ക് കുറച്ച് റബ്ബറൊക്കെയുണ്ട്.. കുറച്ച് തെങ്ങിൻ തോട്ടോം,വേറെ കുറേ കൃഷികളൊക്കെയുണ്ട്… അതൊക്കെ നോക്കി നടത്തുന്നത് എന്റെ പഴേയൊരു കൂട്ടുകാരനാ… അവൻ മഹാ കള്ളനാന്നേ… എനിക്കതറിയാഞ്ഞില്ല… പിന്നെ കണ്ണടക്കുന്നതാ… ഇനി നീ വേണം എല്ലാം നോക്കി നടത്താൻ… ഒരു പണിക്കാരനായിട്ടല്ല… അതിന്റെ ഉടമയായിട്ട്…”
മിയ സന്തോഷത്തോടെ മമ്മിയുടെ മുഖത്തേക്ക് നോക്കി.
മമ്മിയുടെ മുഖം കടന്നൽ കുത്തേറ്റത് പോലെ, ദേഷ്യം കൊണ്ട് ചുവന്ന് വീർക്കുന്നത് അവൾ കണ്ടു..
“പിന്നെ ടൗണിൽ കുറച്ച് കെട്ടിടങ്ങളൊക്കെയുണ്ട്..അതിന്റെ വാടകയൊക്കെയൊന്ന് പിരിക്കണം… അതിത് വരെ ഇവളുടെ പണിയായിരുന്നു…. എവിടെ…. ഒരുത്തനും കൃത്യമായി വാടക കൊടുക്കില്ലെന്നേ…. അതെങ്ങിനാ… ?
മര്യാദക്കൊന്ന് ചോദിക്കണ്ടേ… ?
ഏതായാലും അതിനി മോൻ നോക്കണം. വാടക തരാത്ത ഒരുത്തനും നമ്മുടെ കടമുറിയിൽ ഇനി കച്ചവടം ചെയ്യണ്ട…”