അവസാനം തമ്മിൽ തെറ്റിപ്പിരിഞ്ഞ് ബന്ധുക്കൾ പോയി.
അത് സാരമില്ലെന്ന് തോമസിന് തോന്നി.ആ പോയവരെ എല്ലാവരേയും താൻ സഹായിച്ചതാണ്. ഇനിയും അവർ സഹായവും ചോദിച്ച് വരും. അതോടെ ആ പിണക്കമങ്ങ് തീരും..
“അച്ചോ…. ഞാൻ സമ്മതിച്ചെന്ന് നേര്..പക്ഷേ, വീട്ട്കാരിയെ സമ്മതിപ്പിക്കാൻ കുറച്ച് പാട് പെടും… ഏതായാലും ഇവരിവിടെ കുറച്ച് സമയം നിൽക്കട്ടെ… ഞാൻ വീട്ടിലൊന്ന് പോയി സംസാരിക്കട്ടെ… ”
തോമസ് മകളേയും കണ്ട്, പൊട്ടിക്കരഞ്ഞു കൊണ്ട് കാലിലേക്ക് വീണ അവളെ ആശ്വസിപ്പിച്ച് വീട്ടിലേക്ക് പോയി.
തോമസ് പ്രതീക്ഷിച്ചത് പോലെത്തന്നെയായി കാര്യങ്ങൾ. ബെറ്റി ഒരു നിലക്കും അടുത്തില്ല.തോമസിന്റെ സഹോദരി,കന്യാസ്ത്രീയായ സിസ്റ്റർ ലൂസിയും അവിടെയുണ്ടായിരുന്നു. അവരും തോമസും കൂടി എത്ര ശ്രമിച്ചിട്ടും ബെറ്റി സമ്മതിക്കാൻ കൂട്ടാക്കിയില്ല.
സൊസൈറ്റിയിൽ നല്ല സ്റ്റാറ്റസുള്ള ബെറ്റിയുടെ പ്രശ്നം സണ്ണി പണക്കാരനല്ല എന്നതായിരുന്നു. പണമില്ലാത്ത അവനെ അവൾക്ക് സ്വീകരിക്കാനാവില്ലായിരുന്നു.
തന്നെ താഴ്ത്തിക്കെട്ടാൻ തക്കം നോക്കിയിരിക്കുന്ന ചില കൊച്ചമ്മമാർക്ക് ഇത് നല്ലൊരവസമാകും. അവരുടെ കുത്തുവാക്കുകൾ കേൾക്കുന്നതിനേക്കാൾ നല്ലത് മരണമാണ്.
സിസ്റ്റർ ലൂസി, വീട്ടിലൊരാണുണ്ടായാലുള്ള ഗുണഗണങ്ങളെല്ലാം ബെറ്റിയെ പറഞ്ഞ് മനസിലാക്കി. എന്നിട്ടും ബെറ്റി അടുത്തില്ല. അവസാനം ഇറങ്ങെടീ തന്റെ വീട്ടീന്ന് എന്ന് തോമസ് പറഞ്ഞപ്പോഴാണ് ബെറ്റി അടങ്ങിയത്.
കാരണം അവൾക്ക് പോകാൻ വേറൊരിടമില്ലായിരുന്നു.
അവളുടെ നെയ്മുറ്റിയ ശരീരം കണ്ട് പാവപ്പെട്ട വീട്ടിൽ നിന്നും പൊക്കിയതാണ് തോമസവളെ… സുഖലോലുപതയിൽ നീന്തിത്തുടിച്ച അവൾക്ക് ഒരു മടങ്ങിപ്പോക്ക് ചിന്തിക്കാൻ പോലുമായില്ല..