അയാളുടെ മനസ്സ് പിന്നിലേക്ക് , വളരെ പിന്നിലേക്ക് ഒന്നോടിപ്പോയി..
താൻ നടന്നലഞ്ഞ വഴിയിടങ്ങൾ……….
താൻ തേടി നടന്ന സിനിമാ മേഖല……
ഒരു ഗായകനായി, ഒരു പാട്ടെങ്കിലും പാടിത്തീർത്തു തന്റെ മോഹത്തിനൊടുക്കം കാണാൻ കൊതിച്ചിരുന്ന നാളുകൾ…
അതിപ്പോൾ തന്റെ വീടിന്റെ പൂമുഖത്ത് മഹാലക്ഷ്മിയായി അവതരിച്ചിരിക്കുന്നു…
തനിക്കല്ല ആ ഭാഗ്യം എന്നുമാത്രം…
തന്റെ മകൾക്കാണ്…………!
അത് ഇരട്ടിക്കിരട്ടി ആനന്ദമാണ്…… !
തനിക്ക് സാധിക്കാതെ പോയത് മകൾക്ക് സാധിച്ചേക്കാം…
അതുകൊണ്ടു തന്നെയാവണമല്ലോ അവസരവും ഭാഗ്യവും വീടിനകത്തേക്കു തന്നെ കയറി വന്നത്…
എന്നിരുന്നാലും സിനിമയെക്കുറിച്ചും ആ മേഖലയെക്കുറിച്ചും കേട്ടറിഞ്ഞുള്ള അറിവും അജ്ഞതയും അയാളെ ഒരേ സമയം ഭരിച്ചു തുടങ്ങിയിരുന്നു…
സിനിമയാണ്……….
അതെ…
സിനിമയാണ്…
അതിന്റെ വെള്ളിവെളിച്ചത്തിനപ്പുറമുള്ള നിഗൂഢത, ശ്രീനിവാസനെ അതേ സമയം തന്നെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു..
“” ശ്രീനിവാസൻ ഒന്നും പറഞ്ഞില്ല……….?””
ചിരിയോടെ തന്നെയായിരുന്നു സേതുവിന്റെ ചോദ്യം……
ശ്രീനിവാസൻ ഒരു നിമിഷം അമ്പരപ്പോടെ ഇരുവരെയും നോക്കി…
ശേഷം ചുണ്ടുകളനക്കി…
“” അദ്………. പ്പോ……….””
ശ്രീനിവാസൻ ഒന്നു വിക്കി…
“” അവൾക്ക് അഭിനയമൊന്നും അറിഞ്ഞു കൂടാ………. “
“” അങ്ങനെ പെട്ടെന്ന് ഒരു തീരുമാനമൊന്നും പറയേണ്ട ശ്രീനിവാസൻ……”
സേതു എഴുന്നേറ്റു വന്നു അയാളുടെ ചുമലിൽ കൈ വെച്ചു…
“സാറിന്റെ സിനിമയിൽ വന്ന് അഭിനയം പഠിച്ചവരാ അധികവും…… നമുക്ക് ഒന്നു നോക്കാമല്ലോ… “
സേതു പുഞ്ചിരിച്ചു…
“ പഠിക്കുന്ന കുട്ടിയായിരിക്കാം… പഠനത്തെ ബാധിക്കുന്ന തരത്തിലൊന്നും കാര്യങ്ങൾ ഉണ്ടാകാൻ പാടില്ല…… ഇവിടെ ഒരു പതിനഞ്ചോ ഇരുപതോ ദിവസത്തെ ഷൂട്ടിംഗ് കാണും.. നിങ്ങൾക്കു സമ്മതമാണെങ്കിൽ ഞങ്ങൾ അതിനനുസരിച്ച് ഷെഡ്യൂൾ ചെയ്യാം… “