🌺 🌺 🌺 🌺 🌺
ക്ഷേത്രത്തിൽ നിന്ന് വന്നയുടനെ ദോശയും ചട്നിയും ചായയും കഴിച്ച ശേഷം, പുറത്തേക്ക് കാഴ്ചയുള്ള, ചെറിയ കോലായിലെ കസേരയിലായിരുന്നു ശ്രീനിവാസൻ…
അതാണ് പതിവ്…
ആ ഇരിപ്പിൽ ഒന്നു മയങ്ങും…
ഉച്ച ഭക്ഷണമാകുമ്പോൾ ഉണരും…
ഭക്ഷണമൊക്കെ കഴിഞ്ഞ് , പഴയ സംഗീത ഉപകരണങ്ങളും കീർത്തനങ്ങളും പൊടി തട്ടി വെയ്ക്കും…
വൈകുന്നേരം പുഴയിലെ കുളി കഴിഞ്ഞ് വീണ്ടും ക്ഷേത്രത്തിലേക്ക്..
ഞായറാഴ്ചകളിൽ മാത്രമാണ് ചെറിയൊരു മാറ്റം…
ആദ്യ കാലങ്ങളിൽ കസേരയിൽ കൂടെ മയങ്ങുവാൻ മനുമിതയായിരുന്നു…
പിന്നീടയാളുടെ നെഞ്ചിൽ കിടന്നു മയങ്ങുവാൻ മന്ത്രമിത വന്നു…
ഇപ്പോൾ ആരുമില്ലെന്നു മാത്രം…
മാറ്റമില്ലാത്തത് ശ്രീനിവാസന് മാത്രമായിരുന്നു…
അകത്ത് സേതുലക്ഷ്മിയുടെയും കുട്ടികളുടെയും ബഹളം കേൾക്കുന്നുണ്ടായിരുന്നു…
ഷൂട്ടിംഗാണ് വിഷയം……
മനുമിത മന്ത്രമിതയോട് പറഞ്ഞ് എരിവു കേറ്റിയിട്ടുണ്ട്……
അതുകൊണ്ടു തന്നെ അവളാണ് ബഹളത്തിനു മുൻപിൽ…
മധുമിതയുടെ ശബ്ദം മാത്രം കേൾക്കാനില്ല…
സേതുലക്ഷ്മി അതിന് സമ്മതിക്കില്ലെന്ന് അറിയാം… അതു തന്നെ കാരണം..
കഴിഞ്ഞ തവണയും ഷൂട്ടിംഗ് വന്നപ്പോൾ ഈ കരയിൽ നിന്നും അത് കാണാൻ പോകാത്തവരായി ആ കുടുംബം മാത്രമേ ഉണ്ടായിരുന്നുള്ളൂ…
ഇടയ്ക്ക് വന്ന് മന്ത്രമിത ശ്രീനിവാസനോട് അനുവാദം ചോദിച്ചു…
അമ്മയോട് ചോദിക്കാൻ ശ്രീനിവാസൻ മറുപടി കൊടുത്തു…
അയാളുടെ നെഞ്ചിലെ രോമവും വലിച്ചു പറിച്ച്, “ അല്ലെങ്കിലും നിക്കറ്യാർന്നു”” എന്ന് പറഞ്ഞ് അവൾ കരഞ്ഞു കൊണ്ടു പോയി…