മധുമിത ശബ്ദിച്ചില്ല…
ഉച്ചയ്ക്കു മുൻപു വരെ ഉണ്ടായിരുന്ന കടമയും കർത്തവ്യവും തന്നിൽ നിന്ന് അകലുന്നതും അതിലും വലുത് തന്നെ ഭരിച്ചു തുടങ്ങുന്നതും അവളറിഞ്ഞു തുടങ്ങിയിരുന്നു…
അമ്മ പറയുന്നതും ചിന്തിക്കുന്നതും സത്യം തന്നെയാണ്…
പക്ഷേ സിനിമ എന്നത് താൻ ചിന്തിച്ചിട്ടു കൂടി ഇല്ലാത്ത കാര്യമാണ്……
തനിക്ക് അനുവാദം ചോദിക്കാനുള്ളത് ഒരാളോട് മാത്രമാണ്…
സ്വാമിയേട്ടൻ…… !
തടയില്ല , എന്ന് പ്രതീക്ഷിക്കാം…
പക്ഷേ…………?
പറയാതെ ഒന്നും പാടില്ല……
കാരണം ഇതുവരെ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല…
ആലോചിച്ചിട്ട് മധുമിതയ്ക്ക് ഒരു തീരുമാനത്തിലെത്തിച്ചേരാൻ സാധിച്ചതേയില്ല…
അരമണിക്കൂറിനകം പ്രൊഡക്ഷനിൽ നിന്ന് എത്തിച്ചേർന്ന കാർ “പണ്ടാര “ന്റെ വീടിനു മുൻപിൽ വന്ന് ഹോൺ മുഴക്കിത്തുടങ്ങി………
🌺 🌺 🌺 🌺 🌺
പിറ്റേന്ന്…
ചായക്കടയിൽ നിന്ന് ചലച്ചിത്രഗാനം കേൾക്കുന്നുണ്ടായിരുന്നു…
“” നിൻ തുമ്പുകെട്ടിയിട്ട ചുരുൾമുടിയിൽ… തുളസിത്തളിരില ചൂടി…”
മധുമിത , കടയിൽ ആളൊഴിയുന്നതും കാത്ത് അപ്പുറത്ത് മാറി നിൽക്കുന്നത് സ്വാമിനാഥൻ കണ്ടു..
ക്ലാസ്സിലേക്ക് പോകുന്ന വേഷത്തിലാണ്…
ക്ഷേത്രത്തിലേക്ക് പോകുന്ന ഒരു സ്ത്രീയ്ക്ക് സാധനങ്ങൾ എടുത്തു കൊടുത്ത ശേഷം സ്വാമിനാഥൻ അവളെ നോക്കി പുഞ്ചിരിച്ചു…
“” ഇന്നലെ ഒരൂട്ടം ഉണ്ടായി……….””
അടുത്തു വന്നതേ മധുമിത അവനോട് പറഞ്ഞു…
“” എന്താ……….?””
മേശയ്ക്കടിയിലിരുന്ന മുല്ലമാല എടുത്ത് അവളുടെ നേരെ നീട്ടിക്കൊണ്ട് സ്വാമിനാഥൻ ചോദിച്ചു…