“എന്റെ സാറ അവൻ നിന്നെ തിന്നാനൊന്നും പോകുന്നില്ല. അവിടിരുന്നാൽ ഇപ്പൊ എന്താ?.” അതും പറഞ്ഞിട്ട് ജിൻസി സാറയെ നോക്കി ചിരിച്ചു.
അപ്പോളേക്കും അവൻ വെയിറ്റ്റിനോട് ഓർഡർ കൊടുക്കാൻ തുടങ്ങിയിരുന്നു. സാറ ചെകുത്താനും കടലിനും ഇടയിൽ പെട്ടത് പോലെ കഴിയുന്നതും ഭിത്തിയോട് ചേർന്നിരുന്നു.
അല്പസമയത്തിനുള്ളിൽ അവൻ ഓർഡർ ചെയ്ത ഭക്ഷണം അവരുടെ ടേബിളിൽ നിരന്നു. സേർവ് ചെയ്യാൻ അമിത് മുൻകൈ എടുത്തു. അവന്റെ കൈ പലപ്പോളും സാറയുടെ ദേഹത്ത് തട്ടി മാറുന്നുണ്ടായിരുന്നു.
പനീർ കറിയിൽ ഒരു കഷണം റൊട്ടി മുക്കി അവൻ എഴുനേറ്റു ജിൻസിയുടെ വായിൽ വച്ചു കൊടുത്തു. ജിൻസി ചിരിച്ചുകൊണ്ട് അത് വായിൽ ആക്കി സാറയെ നോക്കി കണ്ണിറുക്കി. അവൻ അടുത്ത ഒരുകഷണം അതേപോലെതന്നെ സാറയുടെ നേരെ കൊണ്ടുവന്നപ്പോൾ അവൾ പെട്ടന്ന് തലവെട്ടിച്ചു പുറകോട്ടു മാറി. സാറക്ക് അത് കണ്ടപ്പോൾ ഉള്ളിൽ ദേഷ്യം അരിച്ചു കയറുന്നുണ്ടായിരുന്നു. കാരണം ഓപ്പോസിറ്റ് ഇരിക്കുന്ന ഒരു ഫാമിലി അവരെ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നുണ്ട്.
“ഹേയ്.. എനിക്ക് വേണ്ട.. അമിത് കഴിക്ക്. ഞാൻ തന്നെ കഴിച്ചോളാം”. സാറ അല്പം കടുപ്പിച്ചു തന്നെ പറഞ്ഞു.
ചിരിച്ചുകൊണ്ട് ഇരുന്ന അവന്റെ മുഖഭാവം പെട്ടന്ന് മാറുന്നത് സാറ ശ്രദ്ധിച്ചു.
“സാറ നീ അത് വാങ്ങ്.. അതിനിപ്പോ എന്താ.. അവൻ സ്നേഹത്തോടെ തന്നതല്ലേ. അവരുടെ ഇടയിൽ ഒക്കെ ഇങ്ങനെയാ”. ജിൻസി സാറയെ നോക്കി പറഞ്ഞു. അവനപ്പോളും അതും അവളുടെ നേരെ പിടിച്ച് അതേ ഇരുപ്പ് ഇരിക്കുന്നുണ്ടായിരുന്നു.
സാറ ജിൻസിയെ ദേഷ്യത്തോടെ തുറിച്ചു നോക്കി. അപ്പോൾ ജിൻസി പ്ലീസ് എന്ന് അവളെ നോക്കി കണ്ണിറുക്കി. ഒന്നും പറ്റാതെ സാറ ആകെ വിഷമത്തിലായി. അവൾക്ക് ആകെ ദേഷ്യവും സങ്കടവും ഒരുപോലെ ഇരച്ചു കയറി. മറ്റുള്ളവരുടെ മുൻപിൽ ഒരു പ്രഹസനം നടത്തേണ്ടന്നു കരുതി അവൾ അവന്റെ കയ്യിൽ നിന്നും അത് വാങ്ങാനായി കൈ നീട്ടി. നീട്ടിയ അവളുടെ കൈ തട്ടി മാറ്റി, ഒന്നുകൂടി മുൻപോട്ടു ആഞ്ഞ അമിത് അത് വീണ്ടും സാറയുടെ മുഖത്തേക്ക് കൊണ്ടുവന്നു. സകല നിയന്ത്രണവും നഷ്ടപെട്ട സാറ ‘ശ്ശേ’ എന്ന് പറഞ്ഞു അവന്റെ കൈതട്ടി മാറ്റിയപ്പോൾ അവന്റെ കയ്യിലിരുന്ന ഭക്ഷണം തെറിച്ചു അവന്റെ പാന്റ്റിലേക്ക് വീണു. ജിൻസി അമ്പരന്ന് അമിത്തിനെ നോക്കി. അവന്റെ മുഖം ആകെ ദേഷ്യത്തിൽ ചുവന്നു തുടുത്തിരുന്നു. അടുത്ത നിമിഷം അവൻ ടേബിളിൽ ഇരുന്ന പ്ലേറ്റിനു ഒരു തട്ടും കൊടുത്തിട്ടു അവിടുന്നു ചാടിയെണിറ്റു വെളിയിലെക്കിറങ്ങി പോയി. ആകെ സ്ഥബ്ദയായി ഇരുന്ന സാറയെ ദേഷ്യത്തോടെ നോക്കിയിട്ട് ജിൻസിയും അവന്റെ പുറകെ ഓടി.