“ജിത്തേ അവർക്ക് എന്തെങ്കിലും കൊടുക്കെടാ, കഷ്ടം തോന്നുന്നു എനിക്ക്..” സാറ അവന്റെ ചെവിയിൽ പറഞ്ഞു. ജിത്ത് പേഴ്സ് എടുക്കാൻ ജീൻസിന്റെ പോക്കറ്റിൽ കയ്യിട്ടപ്പോളേക്കും അവിടെ കൂടിനിന്നവരുടെ മുഖത്ത് തെളിയുന്ന സന്തോഷം അവർ ശ്രദ്ധിച്ചു. അഞ്ഞൂറിന്റെ അഞ്ചു നോട്ടുകളെടുത്തു അവരിൽ പ്രായം കൂടിയ ആളുടെ കയ്യിലേക്ക് ജിത്ത് വച്ചു കൊടുത്തപ്പോൾ തൊഴുകയ്യോടെ വന്ന് അയാൾ അത് വാങ്ങി. മുറുക്കാൻകറ പിടിച്ച പല്ലുകാട്ടി അയാൾ ജിത്തിനെ നോക്കി ചിരിച്ചുകൊണ്ട് തൊഴുതു.
കാറിൽ കയറി അവർ ഇറക്കമിറങ്ങുമ്പോൾ കൈ പൊക്കി കാണിച്ചുകൊണ്ട് അവരവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു. അവരുടെ കാഴ്ച മറഞ്ഞപ്പോൾ ജിത്തും സാറയും പരസ്പരം നോക്കി. അതുവരെ പിടിച്ചു വച്ചിരുന്ന ചിരി അവർക്കു അടക്കാനായില്ല.
പൊട്ടിചിരിച്ചുകൊണ്ട് സാറ അവന്റെ തോളിൽ അടിച്ചു. ചിരി സഹിക്കാൻ പറ്റാതെ അവളവന്റെ കയ്യിൽ കടിച്ചു..
“എന്തൊക്കെ പൊട്ടത്തരമാ ചെക്കാ നീ കാണിച്ചു വച്ചത്?”.. സാറക്ക് ഓരോന്നും ആലോചിക്കുമ്പോൾ ചിരി അടക്കാനേ പറ്റുന്നില്ല.
“എടീ അപ്പൊ തോന്നിയ ഒരു ഐഡിയയാ. അതുകൊണ്ട് നമ്മൾ രക്ഷപെട്ടു. കണ്ടോ നമ്മളെ എത്ര കാര്യമായിട്ടാ പറഞ്ഞു വിട്ടതെന്നു. അല്ലെങ്കിൽ കാണാരുന്നു. തേന്മാവിൻകൊമ്പത്തു മോഹൻലാലിനെ കെട്ടിയിട്ടപോലെ ഇപ്പോൾ അവിടെ കിടക്കുന്നത്.” അത് കേട്ട് ചിരി സഹിക്കാൻ വയ്യാതെ സാറ വീണ്ടും അവനെ തല്ലി.
“എടാ എനിക്ക് ആദ്യം നീ കാണിക്കുന്ന പൊട്ടത്തരം എന്താന്ന് പിടികിട്ടിയെ ഇല്ല. പിന്നെ എന്തേലും ആട്ടെന്ന് വച്ച് നീ പറയുന്നപോലെ ചെയ്യാമെന്ന് വച്ചു”. അവൾ ചിരിച്ചുകൊണ്ട് വയറു തിരുമികൊണ്ട് പറഞ്ഞു.