അവർ വന്ന് വണ്ടിയിൽ കയറി. കരുതിയിരുന്ന വെള്ളകുപ്പി എടുത്തു കൈകൾ കഴുകി, ദീപു തന്ന ഭക്ഷണം എടുത്തു അവർ കഴിക്കുവാൻ തുടങ്ങി.
സാറ ഒരു ചപ്പാത്തിയെടുത്തു കറിയിൽ മുക്കി ആദ്യമേ ജിത്തിന്റെ വായിലേക്ക് നീട്ടി. അവനാ കൈപിടിച്ച് അവൾ നീട്ടിയ ചപ്പാത്തി വായിലേക്കെടുത്തു. ഇടക്ക് സ്വയം കഴിച്ചും, ജിത്തിന്റെ വായിലേക്ക് നുള്ളികൊടുത്തും സാറ ദീപു തന്ന ടിഫിൻ ബോക്സ് കളിയാക്കി അടച്ചു വച്ചു.
“നല്ല ടേസ്റ്റ് ഉണ്ടായിരുന്നല്ലേ, ദീപുവിനോട് താങ്ക്സ് പറഞ്ഞേരെടാ.”. സാറ അവനെ ഓർമിപ്പിച്ചു.
“ശരിയാ… അവനെ ഒന്ന് വിളിച്ചില്ല. വിളിച്ചു ഒരു നന്ദി പറയാം. ടിഫിൻ തന്നതിനും, നമ്മൾക്ക് ഇങ്ങനെ ഒരു സ്ഥലം പറഞ്ഞു തന്നതിനും”. ജിത്ത് മൊബൈൽ കയ്യിലെടുത്തു.
“ഹാ പറ മോനെ”, ഫോൺ അറ്റൻഡ് ചെയ്തു ദീപുവിന്റെ മറുപടി.
“ഡാ മോനെ, നല്ല അടിപൊളി സ്ഥലം. പിന്നെ ഞങ്ങൾ കഴിപ്പും കഴിഞ്ഞു. നല്ല ഫുഡ് ആയിരുന്നു. അമ്മയോട് ഞങ്ങളുടെ താങ്ക്സ് പറഞ്ഞേക്കണേ. സാറ പ്രത്യേകം നിനക്ക് താങ്ക്സ് പറഞ്ഞിട്ടുണ്ട്.”
“ഓ.. ശരി.. നിങ്ങൾ എവിടെ ആണെടാ ഇപ്പോൾ?”. ദീപു തിരക്കി.
“ഒരു വാട്ടർഫാൾന്റെ അടുത്ത് വണ്ടി ഒതുക്കിയെടാ. അടിപൊളി സ്പോട്ട് മോനെ”. ജിത്ത് മറുപടി പറഞ്ഞു.
“ഓ, അവിടാർന്നോ. കുറച്ചു മുൻപോട്ടു പോയാൽ റൈറ്റ് ഒരു ടേൺ ഉണ്ട്. അത് കയറി ചെന്നാൽ ആ വാട്ടർഫാൾന്റെ മുകളിൽ എത്താടാ. നല്ല വ്യൂ ആണ്”. ദീപു അറിയിച്ചു.
“ആണോ?.. ഓ ശരിടാ. എന്നാൽ അവിടെ ഒന്ന് പോയി നോക്കാം.”
“സാറ.. ഇവിടുന്നു കുറച്ചു മുൻപോട്ടു പോയാൽ ഈ കുന്നിന്റെ മുകളിലേക്കു പോകാനുള്ള വഴിയുണ്ടെന്നാ ദീപു പറയുന്നത്. നമുക്കൊന്ന് പോയാലോ?.. ” കയ്യും കഴുകി തിരിച്ചു വന്ന സാറയോട് ജിത്ത് ആരാഞ്ഞു.