അവർ അടുത്തെത്തി.
കാറിൽ കയറി.
ജയൻ ആണ് ഡ്രൈവിംഗ് സീറ്റിൽ കയറിയത്. രാജേഷ് മുന്നിലെ മറ്റേ സീറ്റിലും കയറി. സിമിയും നയനയും ബാക് സീറ്റിൽ ഇരുന്നു വീർപ്പു മുട്ടി. ഒന്ന് ഒളിക്കാൻ പോലും പറ്റാത്ത അവസ്ഥ. അവർ രണ്ടു പേരും പരസ്പരം നോക്കുന്നുണ്ട്. മുന്നിലേക്ക് ഐ കോൺടാക്ട് വരാത്ത രീതിയിൽ അവർ മിണ്ടാതെ ഇരുന്നു. വണ്ടി നീങ്ങിതുടങ്ങി. കാറിൽ ആകെ നിശബ്ദവസ്‌ഥ. ആദ്യമായാണ് ഇങ്ങനെ. സിമിയും നയനയും ഇടക്ക് മെല്ലെ രാജേഷിന്റെ ഭാവം നിരീക്ഷിക്കുന്നുണ്ട്. ഒരു പിടിയും കിട്ടാത്ത ഒരു തരം നിസ്സംഗ ഭാവം. ഈ ഒരു അവസ്ഥ മാറ്റാൻ ജയൻ വെറുതെ വീട്ടിലെ കാര്യങ്ങൾ ചോദിച്ചു. സ്ത്രീകൾ രണ്ടാളും അതിനു മറുപടി പറയുന്നുണ്ട്. ഇടക്ക് വണ്ടിയെക്കുറിച്ച് രാജേഷിനോട് ഓരോ കാര്യങ്ങൾ ചോദിച്ചു. ആദ്യത്തെ ചോദ്യത്തിന് മറുപടി ഉണ്ടായില്ല. പിന്നീടുള്ള ചോദ്യങ്ങൾക്ക് ഒറ്റ വാക്കിലുള്ള ഉത്തരങ്ങൾ നൽകി.
അങ്ങനെ അവർ വീട്ടിലെത്തി. സിമിയും നയനയും അകത്തേക്ക് കയറി ജയൻ രാജേഷിനെയും കൂട്ടി മുറ്റത്തെ ഒരു മറച്ചുവട്ടിലേക്ക് പോയി.
“സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. പക്ഷേ മനപ്പൂർവം അല്ലല്ലോ. ഇനിയും ഇത് തന്നെ ആലോചിച്ചു നിൽക്കാതെ രാജേഷ് ഒന്ന് പഴയ പോലെ ആവണം.”
ജയൻ തുടർന്നു…..
“വളരെ കുറഞ്ഞ കാലത്തെ പരിചയമേ ഉള്ളെങ്കിലും എനിക്ക് രാജേഷിനോട് വളരെ അടുത്ത ഒരു സുഹൃത്തിനോടെന്ന പോലെ അടുപ്പമുണ്ട്. നമ്മൾ നാലുപേരും തമ്മിൽ ഉള്ള സൗഹൃദം എന്നെന്നും അതുപോലെ തന്നെ ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം. ഞാൻ മാത്രമല്ല അവരും അത് ആഗ്രഹിക്കുന്നുണ്ട്. രാജേഷും അങ്ങനെ തന്നെ ആഗ്രഹിക്കുന്നു എന്ന് തന്നെയാണ് എന്റെ വിശ്വാസം.”