“അല്ല,നിങ്ങൾ കല്യാണം കഴിക്കാൻ തീരുമാനിച്ചതല്ലേ, പിന്നെന്താ പ്രശ്നം?”
അവന്റെ ചോദ്യത്തിൽ തെല്ലതിശയത്തോടെ അവൾ അവനെ നോക്കി.
“നിനക്കെങ്ങനെ അറിയാം ജിത്തേ ഇതിനെ കുറിച്ച്, ചേച്ചി പറഞ്ഞോ നിന്നോട്?”. അവൾക്കു അറിയാൻ ആകാംഷയേറി.
“ഹേയ്, ചേച്ചി അങ്ങനെ ആരുടേയും കാര്യം ഒന്നും ആരോടും പറയില്ല. ഇത് ഞാൻ ചേച്ചിയുടെയും അളിയന്റെയും പലപ്പോളുള്ള സംസാരങ്ങളിൽനിന്ന് പിടിച്ചെടുത്തതാ”. അവനൊരു ചെറുചിരിയോടെ പറഞ്ഞു.
“ഉം, കോപ്പാ, അവൻ കല്യാണം ഒന്നും കഴിക്കാൻ പോണില്ല ജിത്തേ, വർഷം അഞ്ചു കഴിഞ്ഞു. ഇത് വരെ അവനു വീട്ടിൽ പറയാൻ പേടി. തറവാട്ടുകാരല്ലേ, ക്രിസ്ത്യാനി പെണ്ണിനെ കെട്ടാൻ സമ്മതിക്കില്ലെന്ന്. പോരാത്തതിന് ഇപ്പോൾ സംശയരോഗവും. മടുത്തു എനിക്ക്”.. അവൾ തലയിൽ കൈ വച്ചു.
“എങ്കിൽ ഒറ്റയടിക്ക് ഈ റിലേഷൻ അവസാനിപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞു ക്ലിയർ ആക്ക്. ആ പുള്ളിയോട് ചോദിക്ക് എന്താ മുന്നോട്ടുള്ള പ്ലാൻ എന്ന്. വീട്ടുകാരുടെ കാര്യം അറിഞ്ഞുകൊണ്ടു തന്നെ അല്ലേ പ്രേമിക്കാൻ തുടങ്ങിയത്. അഞ്ചുവർഷമായുള്ള റിലേഷൻ ആണന്നല്ലേ പറഞ്ഞത്.
അതിങ്ങനെ ഒരു നിമിഷം കൊണ്ട് മറന്നുകളയാൻ പറ്റുമോ നിങ്ങൾക്ക്. സംസാരിച്ചു ക്ലിയർ ആക്കിയിട്ടു ഒരു തീരുമാനത്തിലെത്ത്.” ജിത്ത് പറഞ്ഞ അഭിപ്രായം അവൾക്കും ഏറെ പിടിച്ചു, ഒരാൾ കൂടെ നിന്ന് പറഞ്ഞു തരാൻ ഉള്ളതിന്റെ ആശ്വാസം അവളുടെ മുഖത്ത് തെളിഞ്ഞു.
“അത് ശരിയായ കാര്യമാണ് ജിത്തേ നീ പറഞ്ഞത്. ഇന്ന് തന്നെ സംസാരിച്ച് ക്ലിയർ ആക്കണം. എനിക്ക് വയ്യ ഇങ്ങനെ അവന്റെ….” അവൾ മുഴുമിപ്പിക്കാതെ നിർത്തി.
കഴിച്ച പത്രങ്ങൾ ജിത്തിന്റെ കയ്യിന്നും വാങ്ങി അവൾ അടുക്കളയിലേക്ക് നടന്നു. പത്രങ്ങൾ ഓരോന്നായി അവൾ കഴുകി വച്ചു.