“ഇല്ല, കഴിക്കാം “. അവൻ തോളു കുലുക്കികൊണ്ട് പറഞ്ഞു.
“ആഹാ എന്നാൽ ഇരിക്ക്. കഴിക്കാഞ്ഞിട്ടാണോ അവിടെ തന്നെ നിന്നത്.” അവൾ ഒരു പ്ലേറ്റ് കൂടി നീക്കി വച്ചു.
“ഇല്ല ഞാൻ കോഫി ഉണ്ടാക്കാൻ വച്ചു. അത് കഴിഞ്ഞു ഇരിക്കാം”. അവൻ കിച്ചനിലേക്കു തിരിഞ്ഞു.
“കോഫി ഞാനുണ്ടാക്കാം നീയിവിടെ ഇരിക്ക്. ” അവൾ അവന്റെ കയ്യിൽ കയറി പിടിച്ചു നിർത്തി.
“ഇന്ന് ഞാനുണ്ടാക്കിയ കോഫി കുടിക്ക്. ഇനി സമയമുണ്ടല്ലോ, സൗകര്യത്തിന് വേണ്ടുവോളം ഉണ്ടാക്കി തന്നോ. ഞാൻ കുടിച്ചോളാം”. ജിത്ത് തന്നെ പിടിച്ചിരുന്ന അവളുടെ കൈപ്പത്തിയിലേക്കു തന്റെ കൈ വച്ചു. പതിയെ അവളുടെ പിടുത്തം വിടുവിച്ചു.
ആ കൈകൾ തമ്മിൽ തൊട്ടപ്പോൾ അവരറിയാതെ കണ്ണുകൾ തമ്മിൽ ഒന്നുടക്കി. സാറ പെട്ടന്ന് തന്റെ കൈ പിൻവലിച്ചു.
ജിതേഷ് രണ്ടാൾക്കും ഉള്ള കോഫിയുമായി വന്ന് സാറക്കുള്ള കപ്പ് അവളുടെ മുൻപിൽ വച്ചിട്ട് ഓപ്പോസിറ്റ് ചെയർ വലിച്ചിട്ടു ഇരുന്നു. തന്റെ പ്ലേറ്റ് നീക്കി വച്ചപ്പോളാണ് സാറ ഇതുവരെ കഴിച്ചു തുടങ്ങിയില്ല എന്നവൻ ശ്രദ്ധിച്ചത്.
“ആഹാ, ഇതുവരെ കഴിച്ചു തുടങ്ങിയില്ലേ?. അതിപ്പോ തണുത്ത് ഒരു പരുവം ആയിക്കാണും “. ജിതേഷ് തലകുമ്പിട്ടിരിക്കുന്ന അവളോട് ചോദിച്ചു.
എന്തൊക്കെയോ ചിന്തകളിൽ ആണ്ടുപോയ അവൾ പെട്ടന്ന് അവനെ തലപൊക്കി നോക്കി.
“ഹാ നീയുടെ വന്നിട്ട് തുടങ്ങാമെന്നു വച്ചു”. അവൾ അവൻ കൊണ്ടുവന്ന കോഫി എടുത്തു ഒന്ന് മൊത്തി കുടിച്ചു. കോഫി കൊള്ളാമെന്നു അവനെ കണ്ണുകൊണ്ടു കാണിച്ചിട്ട് പതിയെ കഴിക്കാൻ തുടങ്ങി.
മിണ്ടാതെ ഇരുന്ന് കഴിക്കുന്ന അവളെ അവൻ ഒന്ന് ശ്രദ്ധിച്ചു. ഒരു ടീഷർട്ടും ലെഗിൻസും ആണ് വേഷം. അലസമായി കെട്ടി വച്ചിരിക്കുന്ന മുടി. തലയിൽ കുത്തിവച്ചിരിക്കുന്ന ക്ലിപ്പിൽ നിന്നും ഊർന്നു മാറിയ മുടിയിഴകൾ അവളുടെ മനോഹരമായ കവിളിലൂടെയും കഴുത്തിലൂടെയും പാറി നടക്കുന്നു.