ഗോപിക, അമ്മയോട് വിളിച്ച് പറഞ്ഞ് രജനിയേയും കൂട്ടി പുറത്തിറങ്ങി. വിശാലമായ തൊടിയാണ്. അവിടെയും പലതരം കൃഷികളുണ്ട്.
താഴെയാണ് പാടം..
മുകളിൽ നിന്ന് തന്നെ രജനികണ്ടു.
കുലച്ച് നിൽക്കുന്ന നേന്ത്രവാഴകൾ. ഒരു കണ്ടം മുഴുവൻ കപ്പ കൃഷി.
പലതരം പച്ചക്കറികൾ.
അവർ പതിയെ പാടത്തേക്കിറങ്ങിച്ചെന്നു. ഒരു മൂലയിൽ വലിയൊരു കുളം..
നനക്കാനുള്ള പമ്പ്സെറ്റും ഉണ്ട്.
ഇത് ചെറിയ കൃഷിയൊന്നുമല്ലെന്ന് രജനിക്ക് മനസിലായി. നല്ല വരുമാനമുണ്ടാക്കുന്ന കൃഷിയാണ്. തന്റെ ഭർത്താവിനും ഈ കൃഷിയും നോക്കി ഇവിടെത്തന്നെ നിന്നാൽ പോരായിരുന്നോ എന്ന് രജനിക്ക് തോന്നി.
കുലച്ച വാഴകൾ കാറ്റിന് വീഴാതിരിക്കാനായി,പ്ലാസ്റ്റിക്ക് കയറ് കൊണ്ട് വലിച്ച് കെട്ടുകയായിരുന്ന ശിവരാമൻ, മക്കൾ പാടത്തേക്കിറങ്ങി വരുന്നത് കണ്ട് അവർക്കടുത്തേക്ക് വന്നു.
“എന്താടീ മക്കളേ… എന്തിനാ പാടത്തേക്ക് വന്നേ… ? “
തന്നെ വിളിക്കാൻ വന്നതാണോ എന്ന സംശയത്തിൽ അയാൾ ചോദിച്ചു.
“ഒന്നുമില്ലച്ചാ… ഞാനച്ചന്റെ കൃഷിയൊക്കെയൊന്ന് കാണാൻ വന്നതാ…”
രജനി ചിരിയോടെ പറഞ്ഞു.
“അത് നന്നായി മോളേ… അത് കൊണ്ട് വേറേ ചിലർക്കൊക്കെ അച്ചന്റെ കൃഷി കാണാൻ പറ്റിയല്ലോ..”
ഗോപികയെ നോക്കി, രജനിയോട് കണ്ണിറുക്കിക്കൊണ്ട് അച്ചൻ പറഞ്ഞു.
“ദേ അച്ചാ… ഞാനച്ചന്റെ കൃഷിയൊക്കെ കണ്ടിട്ടുണ്ട്..”
ഗോപിക ചിണുങ്ങിക്കൊണ്ട് പറഞ്ഞു.
“ആ… അത് ശെരിയാ മോളേ… അച്ചൻ പച്ചക്കറിയെല്ലാം പറിച്ച് അടുക്കളയിൽ കൊണ്ട് വെക്കുമ്പോ എന്റെ മോള് കാണാറുണ്ട്…”
“ദേ, രാജീ… നീ വരുന്നുണ്ടോ… ?
ഇങ്ങേരുടെ കളിയാക്കൽ കേൾക്കാനാ നീയെന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്..?’”