🌹🌹🌹
നാലാളും ഒരുമിച്ചിരുന്നാണ് ഉച്ചഭക്ഷണം കഴിച്ചത്.
സരോജിനിയുടെ പനി കുറഞ്ഞിരുന്നു.
സാമ്പാറും, മെഴുക്ക്പുരട്ടിയും, മീൻ പൊരിച്ചതും കൂട്ടി ശിവരാമൻ നന്നായി കഴിച്ചു.
എല്ലാത്തിനും നല്ല രുചി തോന്നി അയാൾക്ക്.
“മോൾക്ക് കറിയൊക്കെ ഉണ്ടാക്കാനറിയമല്ലേ… എല്ലാം നന്നായിട്ടുണ്ട്… “
അയാൾ മരുമകളെ അഭിനന്ദിച്ചു.
“അയ്യടാ… മരുമകള് മാത്രമല്ല..ഞാനും കൂടിയാ എല്ലാമുണ്ടാക്കിയേ… ഇവൾക്ക് ഒരു തേങ്ങയും അറിയില്ലച്ചാ…”
മരുമകളെ മാത്രം അച്ചൻ അഭിനന്ദിച്ചത് ഇഷ്ടപ്പെടാതെ ഗോപിക ചൊടിച്ചു.
“ എന്നാ രണ്ട് പേരും ഉണ്ടാക്കിയത് നന്നായിട്ടുണ്ട്… പോരേ…?”
“ അച്ചാ… ! “
അച്ചൻ കളിയാക്കിയതാണെന്ന് അറിഞ്ഞ ഗോപിക ചിണുങ്ങിക്കൊണ്ട് വിളിച്ചു.
“ പത്ത്മുപ്പത്തഞ്ച് കൊല്ലമായി
ഞാനിങ്ങേർക്ക് വെച്ച് വിളമ്പുന്നു…
ഇന്നേവരെ എന്നോടൊരു നല്ല വാക്ക് പറഞ്ഞിട്ടില്ല… എന്നിട്ട് മരുമകളെ പുകഴ്ത്താൻ നിൽക്കുന്നു…”
സരോജിനിയും കലിപ്പിലായി.
രജനി ചിരിയടക്കി ഇരിക്കുകയാണ്.
അച്ചൻ കുടുങ്ങിയെന്ന് അവൾക്ക് മനസിലായി.
“എന്റെ സരൂ… നീ വെച്ചുണ്ടാക്കിയത് കഴിച്ചതല്ലേടീ എന്റെയീ തടി… അതൊക്കെ പ്രത്യേകം പറയാനുണ്ടോ….?
കേട്ടോ മോളേ… അവിയല് കഴിക്കണേൽ എന്റെ സരു വെക്കണം..എന്താ അതിന്റെയൊരു രുചി..”
അത് പറഞ്ഞ് ശിവരാമൻ, രജനിയെ നോക്കി കണ്ണിറുക്കി.
സരോജിനിക്ക് തൃപ്തിയായി.
ഒരു മീൻ പൊരിച്ചത്കൂടി അവൾ, ഭർത്താവിന്റെ പ്ലേറ്റിലേക്കിട്ട് കൊടുത്തു.
തമാശയൊക്കെ പറഞ്ഞ് എല്ലാവരും കഴിച്ചെണീറ്റു. പാത്രങ്ങളൊക്കെ അടുക്കളയിലേക്ക് വെച്ച്, എല്ലാം കഴുകി വൃത്തിയാക്കി, ഗോപികയും, രജനിയും കൂടി ഗോപികയുടെ മുറിയിലേക്ക് പോയി. അച്ചനും അമ്മയും അവരുടെ മുറിയിലേക്കും കിടക്കാനായി പോയി. രണ്ടാൾക്കും ചെറിയൊരു ഉച്ചയുറക്കം പതിവുണ്ട്..,