“ദൈവമേ…. ചേട്ടാ…!!” ഡാലിയ നെഞ്ചത്ത് കൈ വച്ചു പോയി. അവളെ ഞാനൊന്ന് പാളി നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു. “ഇത്ര ക്രൂരത ചെയ്യാൻ ചേട്ടന് കഴിയുമോ…?” സങ്കടത്തോടും വിളറി വെളുത്ത മുഖത്തോടും അവള്‍ ചോദിച്ചു.
“ആ ക്രൂരത ആവശ്യമായിരുന്നു ഡാലിയ. ദയ എന്താണെന്ന് പോലും അറിയാത്ത ഗുണ്ടകള്‍ ആയിരുന്നു അവർ. അങ്ങനെ ഉള്ളവരെ ഭയപ്പെടുത്താൻ വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ആ ക്രൂരത വേണ്ടിവന്നു.”
“അങ്ങനെ ചെയ്തപ്പോ അവർ ഭയന്നുപോയോ..!?” കണ്ണുകൾ തുടച്ചുകൊണ്ട് അവള്‍ ചോദിച്ചു.
“എന്റെ അങ്ങനത്തെ ആക്രമണം കാരണം കുഞ്ഞമ്മയും കുഞ്ഞമ്മയുടെ സകല ഗുണ്ടകളും സാക്ഷാൽ ചെകുത്താന്റെ പിടിയില്‍ പെട്ടത് പോലെ ഭയന്നു കിടുങ്ങി പോയി. പിന്നീട് ആരും എന്നെ പിന്തുടരാനും ആക്രമിക്കാനും ധൈര്യപ്പെട്ടില്ല.” പകുതി സത്യം മാത്രം ഞാൻ അവളോട് പറഞ്ഞു.
“അവർ ആ ശിക്ഷ അര്‍ഹിക്കുന്നു എന്നറിയാം. പക്ഷേ എന്നാലും ചേട്ടൻ പറയുന്നത് കേട്ട് എന്റെ തല കറങ്ങി പോയി.” ഡാലിയ തളർന്ന ശബ്ദത്തില്‍ പറഞ്ഞു.
“പക്ഷേ എന്തൊക്കെയായാലും, എന്നെങ്കിലും ഏതെങ്കിലും സാഹചര്യം കിട്ടിയാല്‍ അവർ വലിയ സംഘമായി വരുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് അവര്‍ക്ക് പണി കൊടുക്കാന്‍ ഞാൻ തീരുമാനിച്ചു. പക്ഷേ ഞാൻ ഒറ്റക്ക് ഇതില്‍ ഇറങ്ങുന്നത് മണ്ടത്തരം ആണെന്ന് അറിയാവുന്നത് കൊണ്ട് കുഞ്ഞമ്മയും കുടുംബത്തെ കുറിച്ചും ഞാൻ പുറമെ നിന്നും ശരിക്കുള്ള പഠനം നടത്താൻ തുടങ്ങി. എന്നാൽ പുറത്തുള്ള ആളുകളില്‍ നിന്നും അധികം ഒന്നും അറിയാൻ കഴിയാത്തത് കൊണ്ട് ഞാൻ ഉദ്ദേശിച്ച ഫലമൊന്നും ഉണ്ടായില്ല. നൂറ്റാണ്ടുകള്‍ പഴക്കം പാരമ്പര്യമുള്ള ആ നശിച്ച കുടുംബം അത്രമാത്രം ജാഗ്രതയോടേയാണ് ക്രിമിനൽ കാര്യങ്ങളിൽ നിമഗ്നമായിരുന്നത്.” അന്നേരം ഒരു പമ്പ് വന്നതും കഥ പറച്ചില്‍ മതിയാക്കി ഞാൻ ഡീസല്‍ അടിക്കാന്‍ വണ്ടി അങ്ങോട്ട് കേറ്റി.