“കുഞ്ഞമ്മയുടെ ഗുണ്ടകള്‍ അരുളും അല്ലിയേയും തിരക്കുപിടിച്ച് വന്നായിരുന്നോ..?” ഡാലിയ പേടിയോടെ ചോദിച്ചു. “ആ ഗുണ്ടകളെ ചേട്ടൻ ആ അവസ്ഥയില്‍ ആക്കിയത് കൊണ്ട് ചേട്ടനോട് പ്രതികാരം ചെയ്യാൻ അവർ വന്നില്ലേ…?”
“അരുളും അല്ലിയേയും ഞാൻ രക്ഷിച്ചതിനും, ആ മൂന്ന് ഗുണ്ടകളെ ഞാൻ തല്ലി തകര്‍ത്തതിനും കുഞ്ഞമ്മ എന്നെ തിരക്കി പിടിച്ചു പകരം വീട്ടാന്‍ ശ്രമിക്കുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട്—”
“ചേട്ടാ, ഒരു സംശയം..! അരുളും അല്ലിക്കും മല്ലിക ചേച്ചിയെ കുറിച്ച് അറിയാമായിരുന്നോ..? സാമുവേല്‍ അണ്ണനേ കുറിച്ചും അവര്‍ക്ക് അറിയാമായിരുന്നോ…?” ഡാലിയ പിന്നെയും ഇടക്ക് കേറി ചോദിച്ചു.
“ഇല്ല, ഇവര്‍ക്ക് അവരെ കുറിച്ചൊന്നും അറിയില്ലായിരുന്നു. മല്ലിക ചേച്ചി അവിടെ നിന്ന് രക്ഷപ്പെട്ട കാലം അല്ലി ജനിക്കുക പോലും ചെയ്തിട്ടില്ലായിരുന്നു. കൂടാതെ, മല്ലിക ചേച്ചി രക്ഷപ്പെട്ട കാര്യവും, സാമുവേല്‍ അണ്ണനെ കുറിച്ചുള്ള കാര്യങ്ങളും എല്ലാം വേശ്യാലയത്ത് ഇരകളായി കഴിയുന്നവരിൽ ആരും അറിയാതെ രഹസ്യമാക്കിയാണ് കുഞ്ഞമ്മയും കുടുംബവും അവരുടെ ഗുണ്ടകളും സൂക്ഷിച്ചിരുന്നത്. അതുകൊണ്ട് അല്ലിയും അരുളിനും അവരെ കുറിച്ച് അറിയില്ലായിരുന്നു.”
“അപ്പോ പിന്നെ സാമുവേല്‍ അണ്ണനെ കുറിച്ച് ചേട്ടൻ എങ്ങനെയാ അറിഞ്ഞത്?” അവളുടെ അടുത്ത ചോദ്യം വന്നു.
“നി എന്നെ സംസാരിക്കാന്‍ അനുവദിക്കാതെ ഓരോ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുവല്ലേ… അപ്പോ പിന്നെ ഞാൻ എങ്ങനെ എല്ലാം പറയും..?” ഞാൻ കളിയാക്കി.