“റൂബി ചേട്ടൻ എന്റെ സ്വന്തം ആങ്ങളയായിരുന്നെങ്കിൽ എന്ന് എപ്പോഴും ആഗ്രഹം തോന്നാറുണ്ട്…” ഗായത്രി രഹസ്യം പോലെ എന്നോട് പറഞ്ഞു.
“ശെരി. കുളിച്ച് റെഡിയായി നി ഇങ്ങോട്ട് വാ.” ആന്റി ഫോണിലൂടെ ചേട്ടനോട് പറയുന്നത് കേട്ട് ഞങ്ങൾ എല്ലാവരും ആന്റിയെ നോക്കി.
ചേട്ടനോട് വരാൻ പറഞ്ഞിട്ട് ആന്റി കോൾ കട്ടാക്കി. എന്നിട്ട് കുഷൻ കസേരകളിലും സോഫയിലുമായി ഇരിക്കുന്ന ഞങ്ങൾ ഒന്‍പത് പേരില്‍, എന്നെ ഒഴികെ, ആന്റി അവര്‍ എട്ടു പേരെയും പഠിക്കുന്നത് പോലെ ഗൗരവത്തിൽ നോക്കി.
“നിങ്ങൾ എട്ടുപേരും റൂബിയെ വിശ്വസിച്ചാണ് അവന്റെ കൂടെ നീലഗിരിയിൽ പോകുന്നത്, അല്ലേ..?” അശ്വതിയും മറ്റുള്ള ഏഴു പേരെയും മാറിമാറി നോക്കിയാണ് ആന്റി ചോദിച്ചത്.
“വല്യമ്മ പറഞ്ഞത് ശെരിയാ. ഞങ്ങൾ റൂബി ചേട്ടനെ വിശ്വസിച്ചു തന്നെയാ നീലഗിരിയിൽ ബിസിനസ്സ് ചെയ്യാൻ തീരുമാനിച്ചത്.” അശ്വതി പറഞ്ഞതും മറ്റുള്ളവരും ശെരിയാണെന്ന് തലയാട്ടി. അതുകണ്ട് ആന്റി പുഞ്ചിരിച്ചു.
“നിങ്ങൾ എല്ലാവർക്കും നിങ്ങളുടേതായ സ്വതന്ത്രമുണ്ടെന്ന് അറിയാം, മക്കളെ.” ആന്റി സീരിയസ്സായി പറഞ്ഞു.
ഉടനെ ഞങ്ങൾ ഒന്‍പത് പേരും പരസ്പരം ഒന്ന് നോക്കിയ ശേഷം ആന്റിയുടെ മുഖത്ത് തന്നെ കണ്ണുകൾ പതിച്ചു.
“നിങ്ങളുടെ ബിസിനസ്സ് എങ്ങനെ നടത്തണം എന്ന് തീരുമാനിക്കാനുള്ള അവകാശം നിങ്ങള്‍ക്ക് മാത്രമാണ് ഉള്ളത്. പക്ഷേ റൂബി എത്ര ബിസിനസ്സ് ചെയ്യുന്നു എന്നും എന്തൊക്കെ വലുതും ചെറുതുമായ ബിസിനസ്സ് ചെയ്യുന്നു എന്ന് പറഞ്ഞാൽ നിങ്ങള്‍ക്ക് വിശ്വസിക്കാൻ പോലും കഴിയില്ല. അവന്റെ ചെറിയ ബിസിനസ്സ് പോലും തകർന്ന് പോകാൻ അവന്‍ അനുവദിക്കില്ല. അത്രമാത്രം കരുതലോടും മുന്‍കരുതലോടും എപ്പോഴും അഗ്രഗണ്യമായി ചിന്തിച്ചും പ്രവർത്തിച്ചും ആണ് അവന്‍ ബിസിനസ്സ് ചെയ്യുന്നത്. വെറും നിസ്സാരമെന്ന് കരുതി മറ്റുള്ളവർ പലതും തള്ളിക്കളയുന്ന അതേ കാര്യങ്ങളെ റൂബി ശെരിക്കും പഠിച്ച് പ്രയോജനകരമായി മാറ്റിയിട്ടുള്ളത് എനിക്കറിയാം.” പറഞ്ഞിട്ട് ആന്റി ഒന്ന് പുഞ്ചിരിച്ചു.