“ശെരി, മോളും നിന്റെ ചേട്ടന്റെ കൂടെ തന്നെ പൊയ്ക്കൊ…” അങ്കിള്‍ പുഞ്ചിരി മാറാതെ പറഞ്ഞതും ഡാലിയയുടെ വാശിയും ടെൻഷനും പെട്ടന്ന് മാറി സമാധാനം മുഖത്ത് നിറഞ്ഞു.
“നിങ്ങൾ രണ്ടും എന്തു തീരുമാനിച്ചാലും ഞങ്ങൾക്ക് സമ്മതമാണ്.” വല്യമ്മയും ആന്റിയും ഞങ്ങളെ നോക്കി പറഞ്ഞു. എന്നിട്ട് അവർ തമ്മില്‍ എന്തൊക്കെയോ രഹസ്യമായി സംസാരിച്ചു കൊണ്ട് അവർ നടന്ന് അടുക്കളയില്‍ പോയി.
അവർ എന്തു ഉദ്ദേശിച്ചാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞു.
“പോകാനുള്ള തയാറെടുപ്പ് ഇപ്പഴേ ഞങ്ങൾ തുടങ്ങട്ടെ.” പറഞ്ഞിട്ട് മിനിയും അശ്വതിയും ഗായത്രിയും, ഷാഹിദയും ചിരിച്ചുകൊണ്ട് പോയി.
“എനിക്കും കൊണ്ടുപോകാനുള്ളത് എല്ലാം റെഡിയാക്കാനുണ്ട്…” ഡാലിയ നല്ല ഉത്സാഹത്തോടെ പറഞ്ഞിട്ട് ഓടി.
“റൂബി മോനെ…!” അങ്കിള്‍ വിളിച്ചതും ഡാലിയ ഓടിയ ഭാഗത്ത് നിന്നും എന്റെ നോട്ടം ഞാൻ പിന്‍വലിച്ചു. “വാ നിന്റെ വണ്ടി എടുക്ക്. നമുക്ക് പുറത്ത് പോയിട്ട് വരാം.” അങ്കിള്‍ പറഞ്ഞു. എന്നിട്ട് അങ്കിളും വല്യച്ചനും ഒരുമിച്ച് പുറത്തേക്ക് നടന്നു പോയത് കണ്ടപ്പോ അവര്‍ക്ക് എന്നോട് എന്തോ കാര്യമായി സംസാരിക്കാന്‍ ഉണ്ടെന്ന് മനസ്സിലായി.
ചെറിയൊരു ആശങ്ക തോന്നിയെങ്കിലും അതിനെ ഒളിപ്പിച്ചു കൊണ്ട് ഞാനും പുറത്തേക്ക് നടന്നു. ഞങ്ങൾ മൂന്നുപേരും വണ്ടിയില്‍ കേറി. അങ്കിള്‍ മുന്നിലും വല്യച്ചൻ പിന്നിലുമാണ് കേറിയത്.
“നമ്മുടെ ദിലീപിന്റെ ബേക്കറിയിലോട്ട് വിട്ടോ.” വല്യച്ചൻ വണ്ടിയില്‍ കേറി ഡോർ അടച്ചിട്ട് പറഞ്ഞു. ഞാനും വണ്ടി എടുത്തു. “പിന്നേ, നല്ല സ്ലോ ആയിട്ട് ഓടിച്ചാൽ മതി..”