പൂമുഖത്തിന്റെ രണ്ട് വശത്തേക്കും നീണ്ടു പോകുന്ന വീതികുറഞ്ഞ നീളൻ വരാന്തകളാണ്. ഒരു ഭാഗത്തെ വരാന്തയിലൂടെ നടന്നാൽ ആ വലിയ നാല് കെട്ടിനെ ചുറ്റി ഇപ്പുറത്തെത്താം.
മുരളി വരാന്തയുടെ വലത് ഭാഗത്തൂടി നടന്നു.അകത്തോ പുറത്തോ ഒരു വെളിച്ചം പോലും തെളിച്ചിട്ടില്ല.നിരനിരയായി കിടക്കുന്ന മുറിയിൽ നിന്നും വരാന്തയിലേക്ക് തുറക്കുന്ന ജനലുകളെല്ലാം അടഞ്ഞ് കിടക്കുകയാണ്.
അവൻ നടന്ന് അടുക്കള വാതിലിന് മുമ്പിലെത്തി.
പുറത്ത് തൂക്കിയിട്ട ബാഗെടുത്ത് അതിൽ നിന്നും ചില ടൂൾസെടുത്തു.
കുറച്ച് നേരത്തെ പരിശ്രമം കൊണ്ട് തന്നെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഉറപ്പുള്ള വാതിൽ അവൻ തുറന്നു. ഈ വീടിന്റെ ഉൾവശം അവന് പരിചിതമാണ്. കാരണം, മാസങ്ങൾക്ക് മുൻപ് ഏതോ ഒരു തല തെറിച്ച യൂട്യൂബർ ഈ പഴയ ഇല്ലം മുഴുവനായും വീഡിയോ എടുത്ത് യൂട്യൂബിലിട്ടിട്ടുണ്ട്.
അങ്ങിനെയാണ് പുറത്ത് നിന്നുള്ള ആൾക്കാർ അധികമൊന്നും കാണാത്ത ഈ നാല്കെട്ടിന്റെ ഉൾവശം മുരളി കണ്ടത്.
ഓരോ മുറിയും അതിൽ വിശദമായി കാണിച്ചിരുന്നത് കൊണ്ട് പലവട്ടം അത് കണ്ട് എല്ലാം മനപാഠമാക്കിയിട്ടുണ്ട്. ഫർണീച്ചറിന്റെ സ്ഥാനം പോലും അവന് കൃത്യമായറിയാം..
ആ വീഡിയോ കണ്ടത് കൊണ്ടാണ് ഈ വീട്ടിൽ ഒരോപ്പറേഷൻ നടത്താൻ മുരളി പ്ലാനിട്ടത്.
അടുക്കള, വീടിന്റെ ഏറ്റവും പിന്നിൽ ഒരൊറ്റപ്പെട്ടതാണ്. അടുക്കളയിൽ നിന്നും അകത്തേക്ക് കയറാൻ ഇനിയൊരു വാതിൽ കൂടിയുണ്ട്. അത് കുറ്റിയിട്ടിട്ടുണ്ടാവില്ല എന്നാണ് അവന്റെയൊരു നിഗമനം.
തള്ളി നോക്കിയപ്പോൾ പ്രതീക്ഷിച്ചത് പോലെത്തന്നെ ചാരിവെച്ചിട്ടേയുളളൂ.