ഇല്ലത്ത് പട്ടിവളർത്തൽ ഇല്ലാത്തത് കൊണ്ട് അവറ്റകളെ പേടിക്കേണ്ട.
പക്ഷേ, ഇവിടെ മാടനും, മറുതയും,എന്തിനേറെ,കള്ളിയങ്കാട്ട് നീലിവരെ ഉണ്ടെന്നാ കരക്കമ്പി..
പക്ഷേ, പലരാത്രികളിലും പല വഴിയിലൂടെയും നടന്ന മുരളി ഇത് വരെ ഒന്നിനേയും കണ്ടിട്ടില്ല. സുന്ദരിയായ ഒരു യക്ഷിയെ കാണണമെന്നവനുണ്ട്.. ഇത് വരെ ഒന്നിനേയും ഒത്ത് കിട്ടിയിട്ടില്ല.
കുറച്ച് നേരം അവിടെത്തന്നെ നിന്ന്, കണ്ണുകൾ ഇരുട്ടുമായി പൊരുത്തപ്പെട്ടപ്പോൾ മാർജാര പാദങ്ങളോടെ മുരളി മുന്നോട്ട് നടന്നു.
ഭീമാരൻമാരായ മരങ്ങൾ ഇടതൂർന്ന് വളരുന്ന ഇല്ലത്തിന്റെ പറമ്പിലൂടെ അവൻ നോക്കി.
ഇത്ര പഴക്കമുള്ള മരങ്ങൾ ഈ നാട്ടിൽ വേറൊരിടത്തും കാണില്ല.ഇതൊക്കെ വെട്ടി വിറ്റൂടെ ഇവർക്ക്..ഇതിങ്ങിനെ കാട് പോലെ മുറ്റത്ത് വളർത്തിയിട്ട് എന്ത് കാര്യം..?
ഉം… കാശിന്റെ കഴപ്പ്… അല്ലാതെന്ത്… ?
മുറ്റത്തുള്ള പൈപ്പിന്റെ ചുവട്ടിൽ നിന്ന് അവൻ ശബ്ദമുണ്ടാക്കാതെ കാല് കഴുകി.ഒരില്ലത്തേക്ക് കയറുകയല്ലേ.. വൃത്തിയോടെത്തന്നെ ആയിക്കോട്ടെ..അല്ലേച്ചാ തറവാട്ടമ്മ ശുണ്ഠിയെടുത്താലോ…? ഹയ്.. ഇച്ചിരി വെടിപ്പും വൃത്തിയുമുള്ള തറവാടാണേ…
ഇനി നാമായിട്ടത് അശുദ്ധമാക്കണില്യ…
ഒതുക്കിൽ വിരിച്ചിട്ട ചവിട്ടിയിൽ കാൽ തുടച്ച് വിശാലമായ പൂമുഖത്തേക്കവൻ കയറി..
നോമിന്റെ ചെരിപ്പ് അങ്ങ് പടിപ്പുരക്ക് പുറത്താ… എങ്ങാനും ഓടേണ്ടി വന്നാ ചെരിപ്പിടാനൊന്നും നേരം കാണില്യ… അത് കൊണ്ട് ആ നശൂലത്തെ പുറത്തെ കുറ്റിക്കാട്ടിലങ്ങട് ഒളിപ്പിച്ചു…
നമ്പൂതിരിമാർ നിരനിരയായി ഇരുന്ന്, മുറുക്കിച്ചുവപ്പിച്ച ചുണ്ടുമായി ദൂരെ ദിക്കിൽ നിന്നും വരുന്ന വിദ്വാൻമാരുടെ സംഗീതമാസ്വതിച്ച പൂമുഖമാണിത്. തലമുറകൾ പലത് കഴിഞ്ഞ് പോയി. ഈ ഇല്ലത്തിലെ നമ്പൂതിരിമാരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു.