*****************************
“കമ്പനി ഏറ്റെടുത്തു നടത്തുവാൻ തുടങ്ങിയിട്ട് ഇന്നേക്ക് 1 വർഷം പൂതിയാവുന്നു. നിങ്ങൾ എന്നെ വിശ്വസിച്ചേൽപ്പിച്ചതൊക്കെ അതിൽ നിന്നും ഒരു തരിപോലും നഷ്ടം വരാതെ കുറച്ചു ലാഭത്തോടെ സംരക്ഷിക്കുവാനും മറ്റു കാര്യങ്ങളും ഒരു മുടക്കം വരാതെ നിറവേറ്റാനും എനിക്ക് പറ്റിയിട്ടുണ്ട് കേട്ടോ. രണ്ടാൾക്കും സന്തോഷം ആയിക്കാണും എന്ന് എനിക്ക് അറിയാം. 🙂 ഞാൻ ഇന്ന് വരുന്നുണ്ട് രണ്ടാളെയും കാണാൻ നിങ്ങൾ എന്റെ ഇഷ്ടത്തിന് വേണ്ടി മറച്ചുവെച്ച ഒരു ആഗ്രഹം ഇല്ലേ അത് ഞാൻ ഇന്ന് സാധിച്ചു തരാൻ പോവാ 🥹രണ്ടാളും ഉറങ്ങുന്ന ആ മണ്ണിൽ തന്നെ അത് ഞാൻ ഇന്ന് എല്ലാവരുടെയും മുന്നിൽ വെളിപ്പെടുത്തും. കൂടെ ഉണ്ടാവണം കേട്ടോ 🙂”
തന്റെ മുറിയിലായി ഒരുക്കിയിരുന്ന അച്ഛന്റെയും അമ്മയുടെയും വലിയ ചിത്രത്തിൽ നോക്കി അവരോടെന്നപോലെ സംസാരിക്കുകയായിരുന്നു വിഷ്ണു. കമ്പനിയിൽ കയറിയ കഴിഞ്ഞ ഒരു വർഷകാലം സംഭവിച്ചതൊക്കെ അതാത് ദിവസം തന്റെ അച്ഛനെയും അമ്മയെയും അറിയിക്കാൻ അവൻ കണ്ടുപിടിച്ച ഒരു മാർഗം കൂടെ ആയിരുന്നു ഈ ചിത്രം. ഇടക്ക് ഉള്ളിലുള്ള സങ്കടങ്ങൾ തുറന്ന് പറഞ്ഞു കരയാനും ചില സന്തോഷങ്ങൾ പങ്കുവെക്കാനും ഇനിയും ചെയ്യേണ്ടതൊക്കെ പ്ലാൻ ചെയ്യുന്നതും ഒക്കെ അവർ രണ്ടാളുടെയും മുന്നിലായിരിക്കണം എന്ന് അവന് നിർബന്ധം ഉണ്ടായിരുന്നു.
അച്ഛനോടും അമ്മയോടും തനിക്ക് പറയാൻ ഉള്ളതൊക്കെ പറഞ്ഞതിന് ശേഷം അവൻ താഴെ ഹാളിലേക്കായി പടികൾ ഇറങ്ങി ചെന്നു. ഹാളിൽ സോഫയിൽ പത്രം വായിച്ചുകൊണ്ട് ചെറിയച്ഛനും എല്ലാവർക്കും കഴിക്കാൻ ഉള്ള പ്രഭാത ഭക്ഷണം തയ്യാറാക്കി അത് ഡെയിനിങ് ടേബിളിൽ ഒരുക്കുന്ന തിരക്കിൽ മാലത്തി ആന്റിയും ഉണ്ടായിരുന്നു.പക്ഷെ തന്റെ കണ്ണുകൾ തിരഞ്ഞ ആളെ മാത്രം അവിടെയൊന്നും കാണുവാൻ ഇല്ലായിരുന്നു. ആ ചിലപ്പോൾ എഴുന്നേറ്റ് കാണില്ല എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവൻ പടികൾ ഇറങ്ങി താഴേക്ക് ചെന്നു. ചെറിയച്ഛന്റെ അടുത്തായി തന്നെ പോയിരുന്നുകൊണ്ട് അവനും അടുത്തുള്ള പത്രം എടുത്തു വായിക്കാൻ തുടങ്ങി.