“ദേ ഇതാണ് ഞാൻ സ്നേഹിക്കുന്ന എന്റെ പെണ്ണ്. ആൾക്കും എന്നെ വലിയ ഇഷ്ടം ആണ് ഇനി നിങ്ങൾ കണ്ട് ഇഷ്ടപ്പെട്ടാൽ പിന്നെ ഒന്നും നോക്കാനില്ല.”
തന്റെ അടുത്തായി നിൽക്കുന്ന ചെറിയച്ഛനെയും ചെറിയമ്മയെയും തന്റെ കയ്യിലിരിക്കുന്ന ഫോൺ കാണിച്ചുകൊണ്ട് അവൻ പറഞ്ഞു.
ഫോണിലേക്ക് നോക്കിയ മഹാദേവന്റെയും മാലതിയുടെയും കണ്ണുകൾ വിടരുന്നതും ഒരു ആശ്ചര്യത്തോടെയും സന്തോഷത്തോടെയും അവനെ അവർ നോക്കുന്നതും കണ്ട് ആഷിക്കിനും ഹബീബിനും ഒരു പുഞ്ചിരി ചുണ്ടിൽ വിരിയുന്നുണ്ടായിരുന്നു. അപ്പോഴും ചുറ്റും നടക്കുന്നതൊന്നും സത്യം ആവരുതേ എന്ന് അറിയാതെ തന്നെ പ്രാർത്ഥിച്ചുകൊണ്ട് കണ്ണുനീർ ഒഴുക്കി ഇരിക്കുകയായിരുന്നു ഐഷു.
“ഡീ പൊട്ടി നീ മാത്രം എന്താ അവിടെ ഇരിക്കുന്നത് എന്റെ കുടുംബം നിങ്ങൾ മൂന്നുപേരും അല്ലെ അപ്പോൾ നീയും കാണണ്ടേ ഇവളെ വാ ”
പെട്ടന്നുള്ള വിഷ്ണുവിന്റെ പറച്ചിലിൽ അവൾ ഒന്ന് ഞെട്ടിയെങ്കിലും മറ്റുള്ളവർ ഒന്നും കാണണ്ട എന്ന് കരുതിയാവണം ഒഴുകുന്ന കണ്ണുനീർ തുടച്ചുകൊണ്ട് ഒരു കപട സന്തോഷം അഭിനയിച്ചു അവളും അവർക്കരികിലേക്ക് ചെന്നത്. പക്ഷെ അവൻ ഫോണിൽ കാണിച്ച ഫോട്ടോ കണ്ട് അവൾ ഒന്നുകൂടെ ഞെട്ടി.
ഇന്ന് ഇവിടേക്ക് വന്നപ്പോൾ രണ്ടാളും വണ്ടി പാർക്ക് ചെയ്ത് വരുന്ന ഫോട്ടോ ആയിരുന്നു അത്. ഫോട്ടോയിൽ ഉള്ളത് താൻ തന്നെയാണെന്ന് മനസ്സിലാക്കിയതും സന്തോഷം കൊണ്ടായിരിക്കണം പിടിച്ചു നിറുത്താൻ കഴിയാത്ത വിധം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയത്.
“അപ്പോൾ എങ്ങനെ ആണ് ചെറിയച്ച കാര്യങ്ങൾ ദേ ഈ കുരുപ്പിനെ എനിക്ക് തരുവോ 🙂”