അൽപ സമയം കൂടെ ആ രണ്ടു തറകൾക്ക് മുന്നിൽ പ്രാർത്ഥിച്ച ശേഷം വിഷ്ണു ബാക്കിയുള്ളവരോടായി സംസാരിച്ചു തുടങ്ങി.
“അപ്പോൾ എല്ലാവർക്കും എന്തിനാണ് ഇന്നിപ്പോൾ ഇവിടെ വിളിച്ചു വരുത്തിയത് എന്ന് മനസ്സിലായി കാണില്ല അല്ലെ? ”
ഒരു ചിരിയോടെ തന്നെ അവൻ എല്ലാവരോടുമായി ചോദിച്ചു.
“ഇല്ല” എന്നുള്ള ഒരു ഭാവം അവരിൽ നിന്നൊക്കെ അവന് മറുപടി പോലെ ലഭിക്കുന്നുണ്ടായിരുന്നു. അത് കൊണ്ടുതന്നെ അവൻ തന്നെ പറഞ്ഞു തുടങ്ങി.
“രണ്ട് മൂന്ന് കാര്യങ്ങൾ എനിക്ക് പറയാൻ ഉണ്ട്. ഓഫീസിൽ ഉള്ള എല്ലാവരും അറിയേണ്ടതില്ല എന്നുള്ളത് കൊണ്ടാണ് എനിക്ക് വിശ്വാസമുള്ള നിങ്ങൾ കുറച്ചുപേരെ മാത്രം ഞാൻ ക്ഷണിച്ചത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഞാൻ അവസാനം പറയാം ആദ്യം നമുക്ക് കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നെ പറയാം.
നമ്മുടെ സ്കൂൾ കോളേജ് മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും അതുപോലെ തന്നെ ഹോസ്പിറ്റലുകളും ഇനി മുതൽ ചാരിറ്റിക്ക് ആയിരിക്കണം പ്രാധാന്യം കൊടുക്കേണ്ടത്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള ഒരാളോടും തന്നെ വിദ്യാഭ്യാസത്തിനായാലും ഹോസ്പിറ്റൽ സംബന്ധമായ കാര്യങ്ങൾക്ക് ആയാലും ശെരി ഇനി ഒരു രൂപ പോലും ഈടാക്കുവാൻ പാടില്ല. അടുത്ത മാനേജ്മെന്റ് യോഗത്തിൽ നിങ്ങൾ എല്ലാവരും അത് അനുകൂലിക്കും എന്നാണ് എന്റെ ഒരു വിശ്വാസം.”
“അല്ല മോനെ പെട്ടന്ന് ഇങ്ങനൊക്കെ ആക്കിയാൽ എങ്ങനെ ആണ്?”
വിഷ്ണു എന്തിനാണ് ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് മനസ്സിലാവാത്തത് കൊണ്ട് കുറുപ്പ് സാർ അവനോടായി എന്തോ ചോദിക്കാൻ വന്നതും ചോദ്യം പൂർത്തിയാക്കും മുന്നേ തന്നെ അവൻ അതിനുള്ള മറുപടി കൊടുത്തു കഴിഞ്ഞിരുന്നു.