പല ചിന്തകളോടെയാണ് അഫ്സൽ ഹോട്ടലിൽ എത്തിയതും സിനിക്കും മക്കൾക്കും ഉള്ള ഭക്ഷണം മേടിച്ചതും. കാറിൽ ഹോസ്പിറ്റലിലേക്ക് പോകുന്ന സമയം അത്രയും അവന്റെ ചിന്തകൾ അവളെ പറ്റിയായിരുന്നു. കടയിൽ ജോലി ചെയ്യുന്നവർ അത്രയും അവനെ സർ എന്ന് വിളിക്കുമ്പോഴും അവൾ അവനെ ഇക്കാക്ക എന്നെ വിളിക്കാറുള്ളൂ. ദേഷ്യം പിടിപ്പിക്കുമ്പോൾ പിച്ചുകയും മാന്തുകയും ഒക്കെ ചെയ്യുന്ന അവളെ അവനു വല്യ ഇഷ്ടവും ആയിരുന്നു. ചെയ്യുന്ന ജോലിയിൽ തെറ്റുകൾ വരുത്തുമ്പോൾ അവന്റെ മുന്നിൽ തല കുനിച്ചു നിന്ന് കണ്ണീർ പൊഴിക്കുന്ന പെണ്ണിന് ഇങ്ങനെ ഒരു സ്വഭാവം ഉണ്ടെന്ന് അവൻ ഒട്ടും പ്രതീക്ഷിച്ചില്ല.
മൊബൈലിന്റെ റിങ്ടോൺ ആണ് അവനെ ചിന്തകളിൽ നിന്ന് ഉണർത്തിയത്. സിനിയാണ്… അവൻ കാൾ അറ്റൻഡ് ചെയ്ത് ലൗഡ്സ്പീക്കർ ഇട്ട് സംസാരിച്ച്
“ഹെലോ…”
“എന്ത് പറ്റിയെടി?”
“നീ.. നീയിങ്ങോട്ട് വരുന്നുണ്ടോ?”
“വരുന്നുണ്ടല്ലോ… എത്താറായി. എന്തെങ്കിലും മേടിക്കാനുണ്ടോ?”
“മ്ച്ചും… വെറുതെ വിളിച്ചതാ…”
“മക്കൾ എവിടെ?”
“നിന്നേം കാത്തിരിപ്പുണ്ട്”
“എന്നാ ഞാനിതാ എത്തി എന്ന് പറഞ്ഞേക്ക്”
കാൾ കട്ട് ചെയ്ത് അടുത്ത ഷോപ്പിൽ ഇറങ്ങി സിനിക്കും മക്കൾക്കും ചോക്ലേറ്റ് വാങ്ങി അവൻ ഹോസ്പിറ്റലിലേക്ക് പായിച്ചു.
പാർക്കിങ്ങിൽ കാർ നിർത്തി ഹോസ്പിറ്റലിലേക്ക് കേറി മുകളിലേക്ക് സ്റ്റെപ് കേറുമ്പോഴാണ് രണ്ട് വനിതാ പോലീസ്കാർ താഴേക്ക് ഇറങ്ങി വരുന്നത് കണ്ടത്. ഒരാൾ കോൺസ്റ്റബിൾ ആണ്. തോളിലെ സ്റ്റാർ മറ്റേത് സി ഐ ആണെന്ന് തോന്നുന്നു. അവൾക്ക് കണ്ടു നല്ല പരിചയമുള്ള മുഖം…