തനൂജ കിച്ചൻ വാതിലിനടുത്തേക്ക് ചെന്നു…
രണ്ടു പേരും പാചകത്തിലാണ്..
അച്ഛൻ ചപ്പാത്തി പ്രസ്സിൽ വെച്ച് പരത്തിയെടുക്കുന്നു.
അമ്മ ചപ്പാത്തി ചുട്ടെടുക്കുന്നു…
അതിനിടയിലുള്ള സംസാരം കൊറോണയെക്കുറിച്ചു തന്നെയാണെന്ന് ശ്രദ്ധിച്ചപ്പോൾ അവൾക്കു മനസ്സിലായി……
“” ഇതൊരു ബയോവെപ്പൺ ആണ് ദയാ… “
ചപ്പാത്തി പ്രസ് ഒന്നുകൂടി അമർത്തിക്കൊണ്ട് ദീപക് പറഞ്ഞു…
“” എന്തിന്… ?””
ഓവനു മുകളിലിരുന്ന പാത്രത്തിൽ നിന്ന് പൊങ്ങി, പാകമായി വന്ന ചപ്പാത്തി, കാസറോളിലേക്ക് ഇട്ടു കൊണ്ട് ദയ ചോദിച്ചു..
“” അതൊന്നും യു പി സ്കൂൾ ടീച്ചറായ നിന്നോട് പറഞ്ഞാൽ മനസ്സിലാകില്ല… “
“” എങ്കിൽ യു.പി സ്കൂൾ ടീച്ചറായ എനിക്ക് മനസ്സിലാകുന്ന ഭാഷയിൽ പറ… “
അതു കേട്ട് ദീപക് മുഖമുയർത്തിയതും വാതിൽക്കൽ തനൂജയെ കണ്ടു..
“” തനുമോള് എഴുന്നേറ്റോ… ?””
തനൂജ പതിയെ ദീപക്കിനരികിലേക്ക് ചെന്നു…
“” താമസിച്ച് എഴുന്നേൽക്കാൻ ഇപ്പോൾ ഒരു കാരണമായല്ലോ… “
ദയ അനിഷ്ടത്തോടെ മകളെ നോക്കി……
“” എങ്കിൽ അമ്മ സ്കൂൾ തുറക്കാൻ ഓർഡറിട്… “
പറഞ്ഞിട്ട് തനൂജ ദീപക്കിനു പിന്നിൽ , കിച്ചൺ സ്ളാബിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് , ദീപക്കിന്റെ ചുമലിൽ കൈ കുത്തി കയറിയിരുന്നു……
“”ദീപു വരുന്നതു വരെ, അനുസരണയും അച്ചടക്കവും ഉണ്ടായിരുന്നവളാ..””
പിറുപിറുത്തു കൊണ്ട് ദയ തന്റെ ജോലിയിലേക്ക് ശ്രദ്ധ തിരിച്ചു……
“” ദീപു, പറഞ്ഞു വന്നത് പറ…””
അയാളുടെ ചുമലിലേക്ക് താടി, കുത്തി തനൂജ പറഞ്ഞു……
ദയ, തനൂജയെ തറപ്പിച്ചൊന്നു നോക്കി…
“” അച്ഛനെയാണ് പേരു വിളിക്കുന്നതെന്ന ഓർമ്മ വേണം…””